ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടാന്‍ സര്‍ക്കാർ നീക്കം; തീരുമാനം ഇന്ന്

Jaihind Webdesk
Wednesday, December 14, 2022

 

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടി നിയമസഭാ സമ്മേളനം തുടരണോ എന്നതിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടായേക്കും. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്യും. നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും മന്ത്രിസഭ ചേർന്ന് ശുപാർശ നൽകിയാലേ വിജ്ഞാപനം ഗവർണർ പുറത്തിറക്കുകയുള്ളു. സഭ പിരിഞ്ഞ കാര്യം ഗവർണറെ ഔദ്യോഗികമായി അറിയിക്കാതെ നയപ്രഖ്യാപനം ഒഴിവാക്കാനാണ് ആലോചന.

പുതിയവർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് സമ്മർദത്തിലാക്കിയതിന്‍റെ തുടർച്ച പ്രതീക്ഷിച്ചു കൊണ്ടാണ് സർക്കാരിന്‍റെ നീക്കം. സഭ പിരിയുന്നതായി മന്ത്രിസഭ ശുപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിന്‍റെ തുടർച്ചയായി തന്നെ കണക്കാക്കാം. തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താനാവില്ല. വരുന്ന വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.

ഇതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്രിസ്തുമസ് വിരുന്ന് ഇന്ന് വൈകിട്ട് രാജ്ഭവനിൽ നടക്കും. മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടെന്നാണ് സർക്കാർ തീരുമാനം.