പിടിവിട്ട് കൊവിഡ്, സർക്കാർ തുടർഭരണത്തിന്‍റെ ആലസ്യത്തില്‍ ; നോക്കുകുത്തിയായി ആരോഗ്യവകുപ്പ്

Jaihind Webdesk
Friday, August 27, 2021

തിരുവനന്തപുരം : തുടർഭരണത്തെ തുടർന്ന് ആലസ്യത്തിലായ സർക്കാർ സംവിധാനങ്ങള്‍ തികഞ്ഞ പരാജയമായതോടെയാണ് കൊവിഡ് കണക്കില്‍ വന്‍ കുതിപ്പുണ്ടായത്. കൊവിഡ് ഒന്നാം തരംഗത്തില്‍ സർക്കാർ സ്വീകരിച്ച നടപടികള്‍ തുടർഭരണം ലഭിക്കുന്നതിനായി പ്രചാരണത്തിന് ഇടതുമുന്നണി ഉപയോഗിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ കൊവിഡ് പിടിവിട്ടു. ആരോഗ്യവകുപ്പിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കുതിച്ചുയരുന്ന കൊവിഡ് നിരക്ക് എങ്ങനെ നിയന്ത്രിക്കുമെന്ന് ആരോഗ്യവകുപ്പിന് ഒരു നിശ്ചയവുമില്ല. കൊവിഡ് നിയന്ത്രിക്കാന്‍ മൂന്ന് മാസം സംസ്ഥാനം അടച്ചിട്ടിട്ടും പ്രയോജനം ഉണ്ടായില്ല.

ഒറ്റക്കെട്ടായി ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് തമിഴ്നാട്,കർണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കൊവിഡിനെ നിയന്ത്രിച്ചത്. ചടുലമായ പ്രവർത്തനമാണ് ഈ സംസ്ഥാനങ്ങളില്‍ നടന്നത്. പ്രത്യേകിച്ച് തമിഴ്നാട്ടില്‍. അതേസമയം കേരളത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പൊലീസിനെ ഉപയോഗിച്ച് പെറ്റി ചുമത്തി ജനങ്ങളെ കൊള്ളയടിക്കാനാണ് സർക്കാർ ശ്രമിച്ചത്.

കൊവിഡ് നിയന്ത്രിക്കുന്നതില്‍ ആരോഗ്യവകുപ്പ് കാഴ്ചക്കാരായി മാറി. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി 100 ദിവസം പൂർത്തിയാകുമ്പോള്‍ സർക്കാർ ആശുപത്രികളിലെ കൊവിഡാനന്തര ചികിത്സയ്ക്കു പോലും ഫീസ് ഏർപ്പെടുത്തി ജനങ്ങള്‍ക്കുമേല്‍ മറ്റൊരു ഭാരം കൂടി അടിച്ചേല്‍പ്പിക്കുകയാണ് സർക്കാർ.