അദാനിയുടെ അടുപ്പക്കാരുമായി സർക്കാരിന് നേരത്തെ ബന്ധം; മസാല ബോണ്ടിലും സേവനം തേടി, തെളിവുകള്‍ പുറത്ത്

Jaihind News Bureau
Saturday, August 22, 2020

 

തിരുവനന്തപുരം: അദാനി ഗ്രൂപ്പിന്‍റെ അടുപ്പക്കാരായ സിറില്‍ അമർചന്ദ് മംഗള്‍ദാസ് ഗ്രൂപ്പുമായി സംസ്ഥാന സർക്കാരിന് നേരത്തെ ബന്ധമുണ്ടായിരുന്നതിന് തെളിവുകള്‍. നേരത്തെ കിഫ്ബി മസാല ബോണ്ടിലും സംസ്ഥാന സർക്കാർ മംഗള്‍ദാസ് ഗ്രൂപ്പിന്‍റെ സേവനം തേടിയിരുന്നു. മസാല ബോണ്ടുമായി ബന്ധപ്പെട്ട എം.എല്‍.എമാരുടെ ചോദ്യത്തിന് ധനമന്ത്രി തോമസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തില്‍ അടൂർ പ്രകാശ്, അനില്‍ അക്കര, വി.ടി ബല്‍റാം, അന്‍വർ സാദത്ത് എന്നീ എംഎല്‍എമാരാണ് ചോദ്യം ഉന്നയിച്ചത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട് അറേഞ്ചേഴ്സ് ആന്‍ഡ് ഡീലേഴ്സ്, ലീഗല്‍ അഡ്വൈസേഴ്സ്, ഓഡിറ്റേഴ്സ് തുടങ്ങിയ കാര്യങ്ങള്‍ക്കായി ഏതൊക്കെ കമ്പനികളെയാണ് ഏർപ്പെടാക്കിയിരിക്കുന്നത് എന്ന നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് ധനമന്ത്രി തോമസ് ഐസക്ക് നല്‍കിയ മറുപടിയില്‍ ലീഗല്‍ അഡ്വൈസേർസായി  സിറില്‍ അമർചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിനെയാണ് നിയമിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

അതേസമയം അദാനിയെ എതിർക്കുന്ന സംസ്ഥാന സര്‍ക്കാർ തന്നെ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനായുള്ള  ടെണ്ടർ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനായി ഏർപ്പെടുത്തിയതും സിറില്‍ അമർചന്ദ് മംഗള്‍ദാസ് കമ്പനിയെയാണ്. ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ ഭാര്യ ഈ കമ്പനിയുടെ പാർട്ണറാണ്. വിവാരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇത് വ്യക്തമാകുന്നത്.

കേരള സർക്കാരിന് നഷ്ടമായ ലേലത്തില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാനം ഏർപ്പാടാക്കിയത് രണ്ട് കമ്പനികളെയാണ്. ഒന്ന് സർക്കാരിന്‍റെ ഇഷ്ടക്കാരായ കെ.പി.എം.ജി തന്നെയാണ്. മുംബൈ ആസ്ഥാനമായ സിറിൽ അമർചന്ദ് മംഗള്‍ദാസ് ഗ്രൂപ്പാണ് രണ്ടാമത്തേത്. ആകെ ചെലവായ 2.36 കോടി രൂപയില്‍ 2.15 കോടിയും കണ്‍സള്‍ട്ടന്‍സി ഫീസിനത്തില്‍ ഈ കമ്പനികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. രണ്ട് കോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയാണ് ടെണ്ടർ നടപടികള്‍ക്കായി ആകെ ചെലവായിരിക്കുന്നത്. 1 കോടി 57 ലക്ഷത്തി പതിനെണ്ണായിരത്തി തൊണ്ണൂറ്റിനാല് രൂപയാണ് കെ.പി.എം.ജിക്ക് ഫീസിനത്തില്‍ ലഭിച്ചിരിക്കുന്നത്. അദാനിക്ക് ബന്ധമുള്ള സിറില്‍ അമർചന്ദ് മംഗള്‍ദാസ് കമ്പനിക്ക് 55 ലക്ഷത്തിലേറെ രൂപയും ലഭിച്ചിട്ടുണ്ട്. ലേലനടപടികളില്‍ ഔദ്യോഗിക സഹകരണത്തിനുള്ള പ്രതിഫലമായാണ് ഈ തുക നല്‍കിയിരിക്കുന്നത്.

സിറില്‍ അമർചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിന്‍റെ മാനേജിംഗ് പാര്‍ട്ണര്‍ സിറിള്‍ ഷ്രോഫിന്‍റെ മകളും ഗ്രൂപ്പ് പാര്‍ട്ണറുമായ പരീധി അദാനി ഗൗതം അദാനിയുടെ മകന്‍റെ ഭാര്യയാണ്. ലേലം കൊണ്ടുപോയ അദാനി ഗ്രൂപ്പുമായി ഇത്രയും അടുത്ത ബന്ധമുള്ള പ്രസ്തുത കമ്പനിയെ തന്നെ സംസ്ഥാന സർക്കാർ ലേലനടപടികള്‍ ഏല്‍പ്പിച്ചതാണ് ഇപ്പോള്‍‍ ദുരൂഹമായിരിക്കുന്നത്. ഒരേ സമയം വിമാനത്താവള സ്വകാര്യവത്ക്കരണത്തെ എതിർക്കുകയും ഒപ്പം തന്നെ അദാനിയുടെ മരുമകളുടെ സ്ഥാപനത്തെ ലേലനടപടികള്‍ ഏല്‍പ്പിക്കുകയും ചെയ്തതിലെ ‘യുക്തി’ ആണ് ഇപ്പോള്‍ സംശയത്തിന്‍റെ നിഴലിലുള്ളത്. ജനങ്ങളെ കബളിപ്പിക്കുന്ന ഇരട്ട നിലപാടാണ് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഈ ഒത്തുകളി എന്തിനായിരുന്നു എന്ന ചോദ്യത്തിന് സർക്കാർ മറുപടി പറയേണ്ടിവരും.