പിഎസ്‌സിയെ മറയാക്കി സർക്കാർ ജോലി വിൽപ്പനയ്ക്ക്; ഇടനിലക്കാരന്‍ എല്‍ഡിഎഫ് ഘടകകക്ഷിയിലെ യുവനേതാവ്, കരാറിന്‍റെ പകർപ്പ് പുറത്ത്

Jaihind News Bureau
Sunday, August 16, 2020

കൊച്ചി: പിഎസ്‌സിയെ മറയാക്കി സർക്കാർ ജോലി വിൽപ്പനക്ക്. മുദ്രപത്രത്തിൽ കരാർവച്ച് പിൻവാതിൽ നിയമനം ഉറപ്പാക്കുന്നത് തെളിവ് സഹിതം പുറത്തുവന്നു.  ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന ‌മുതിർന്ന നേതാവ് സ്കറിയ തോമസ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസിന്‍റെ യൂത്ത് ഫ്രണ്ട് സംസ്ഥാന നേതാവാണ് ഈ സര്‍ക്കാര്‍ ജോലിക്കച്ചവടത്തിന്‍റെ ഇടനിലക്കാരന്‍.

പി.എസ്.സി  തൊഴിൽ തട്ടിപ്പിന്‍റെ ഏറ്റവും പുതിയ തെളിവാണ് പുറത്തു വന്നിരിക്കുന്നത്. അതിന് ചുക്കാൻ പിടിക്കുന്നത് ഭരണപക്ഷത്തെ യുവജന സംഘടനയുടെ സംസ്ഥാന നേതാവാണെന്നതും തട്ടിപ്പിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. പിഎസ്‌സിയിൽ ജോലി വാഗ്‌ദാനം ചെയ്ത് നാലുലക്ഷം രൂപയാണ് ഉദ്യോഗാർത്ഥിയിൽ നിന്നും  കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന്‍റെ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്‍റ് രാജീവ് ജോസഫ് ആവശ്യപ്പെട്ടത്. ഇതുപ്രകാരം 2019 ജൂൺ 15 ന് അഡ്വാൻസ് ആയി മൂന്നുലക്ഷം രൂപ തൃപ്പൂണിത്തുറയിലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് യുവജന നേതാവിന്‍റെ ചങ്ങനാശേരിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.

പിന്നീട് ബാലൻസ് തുകയായ ഒരുലക്ഷം 2020 ജനുവരി 21നും അക്കൗണ്ടുകളിലൂടെ കൈമാറി. അങ്ങനെ ആറുമാസം കൊണ്ട് നാലുലക്ഷം രൂപ സർക്കാർ ജോലി തരപ്പെടുത്താമെന്ന ഉറപ്പില്‍ യുവനേതാവ് വാങ്ങിയെടുത്തതിന്‍റെ തെളിവാണ് മുദ്രപത്രത്തിൽ എഴുതിയ ഈ കരാര്‍. നാല് മാസത്തിനുള്ളിൽ പിഎസ്‌സി മുഖേന ജോലി കിട്ടിയിരിക്കും എന്നായിരുന്നു
ഉദ്യോഗാർത്ഥിക്കുള്ള രാജീവിന്‍റെ ഉറപ്പ്. നടപടിയാകാതെ നീണ്ടപ്പോൾ പരാതിക്കാർ പാർട്ടി നേതൃത്വത്തെ ബന്ധപ്പെട്ടു. അങ്ങനെ പാർട്ടിക്കും മുന്നണിക്കും ക്ഷീണമാകുമെന്ന ഘട്ടത്തിൽ ഇരുചെവി അറിയാതെ വിഷയം പരിഹരിക്കാൻ ഉണ്ടാക്കിയ കരാർ ആണിത്.

സമാനമായ വിധത്തിൽ പണം കൈപ്പറ്റിയ ഇടപാടുകൾ വേറെയുമുണ്ടെന്ന് മനസിലാക്കിയ പാര്‍ട്ടി നേതൃത്വം പരാതികള്‍ പുറത്തുവരും മുൻപ് എല്ലാം പരിഹരിക്കാന്‍ നിർദേശം നൽകി. പി.എസ്‌.സി അംഗങ്ങളുടെ ഒഴിവുള്ള സ്ഥാനങ്ങളിലൊന്ന് പാര്‍ട്ടിക്ക് കിട്ടുമെന്ന ധാരണ പാര്‍ട്ടിയിലും മുന്നണിയിലും ശക്തമായിരിക്കെയാണ് ഈ പിരിവ് എന്നതാണ് ശ്രദ്ധേയം.