സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട്, സര്‍ക്കാര്‍ വകുപ്പുകളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ കരാര്‍-ദിവസ വേതന ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഈ ജീവനക്കാരില്‍ ഭൂരിഭാഗവും രാഷ്ട്രീയ സ്വാധീനത്തിലൂടെ നിയമനം നേടിയവരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് നിരോധിച്ച് 2022 ജൂലൈയില്‍ ധനവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍, ഈ ഉത്തരവിനെ മറികടന്ന്, ധന-നിയമ വകുപ്പുകളുടെ എതിര്‍പ്പ് അവഗണിച്ച് മന്ത്രിസഭയുടെ അംഗീകാരത്തോടെ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിവിധ വകുപ്പുകളിലെ കരാര്‍ ജീവനക്കാരുടെ കണക്കുകള്‍ ശേഖരിക്കുന്ന നടപടികള്‍ ഇതിനോടകം ആരംഭിച്ചു. ഏറ്റവും കൂടുതല്‍ കരാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന സാംസ്‌കാരിക വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍ കണക്കുകള്‍ കൈമാറിക്കഴിഞ്ഞു. മറ്റ് വകുപ്പുകളും ഉടന്‍ പട്ടിക നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കത്തെ വിമര്‍ശിക്കുന്നവര്‍ ഉമാദേവി കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ദുര്‍വ്യാഖ്യാനം ചെയ്താണ് സര്‍ക്കാര്‍ ഈ നടപടിക്ക് മുതിരുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. ഒറ്റത്തവണത്തേക്ക് മാത്രം സ്ഥിരപ്പെടുത്തല്‍ അനുവദിക്കാമെന്നും അത് ഒരു കീഴ്‌വഴക്കമാകരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി ഉദ്ധരിച്ചാണ് ധനവകുപ്പ് സ്ഥിരപ്പെടുത്തല്‍ വിലക്കി ഉത്തരവിറക്കിയത്. എന്നാല്‍, ഇപ്പോള്‍ ഇതേ വിധി ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തല്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ നീക്കം, വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ള വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും വിമര്‍ശനമുയരുന്നു.