‘അനന്യയുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാര്‍, ഇനി ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാന്‍ പാടില്ല’ : കെ സുധാകരന്‍ എം.പി

Jaihind Webdesk
Wednesday, July 21, 2021

ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. അനന്യയുടെ അകാല വിയോഗം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് കൃത്യമായ മാനദണ്ഡവും സുരക്ഷയുമൊരുക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയത്തിന്‍റെ അനന്തരഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ശ്വവത്ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക് നല്‍കേണ്ട പരിഗണന പോയിട്ട് മനുഷ്യത്വപൂര്‍ണമായ സമീപനം പോലും നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ജനാധിപത്യസമൂഹം എന്ന നിലയില്‍ നമുക്ക് തല ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ കഴിയില്ല. സർക്കാർ ഒരുക്കേണ്ട യാതൊരു സുരക്ഷയും ഉറപ്പുവരുത്തിയില്ല എന്ന് മാത്രമല്ല അതു പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞിട്ടും അവഗണന മാത്രം നേരിടേണ്ടിവരുന്ന സാഹചര്യം ഒട്ടും ഭൂഷണമല്ല. ഇനി ഇത്തരത്തിലൊരു സംഭവം ഉണ്ടാകാന്‍ പാടില്ലെന്നും അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തിലെ ആദ്യത്തെ ട്രാൻസ് RJ യും മേക്കപ്പ് ആർട്ടിസ്റ്റുമായിരുന്ന അനന്യയുടെ ആത്മഹത്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് കൃത്യമായ മാനദണ്ഡവും സുരക്ഷയുമൊരുക്കാത്ത സർക്കാർ സംവിധാനങ്ങളുടെ പരാജയത്തിന്റെ അനന്തരഫലമാണ്. അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് നൽകേണ്ട പ്രത്യേക പരിഗണന പോയിട്ട് മനുഷ്യത്വപൂർണ്ണമായ സമീപനം പോലും ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ, ജനാധിപത്യ സമൂഹം എന്ന നിലയിൽ നമുക്ക് തലയുയർത്തിപ്പിടിച്ച് ജീവിക്കാൻ കഴിയില്ല. സർക്കാർ ഒരുക്കേണ്ട യാതൊരു സുരക്ഷയും ഉറപ്പുവരുത്തിയില്ല എന്ന് മാത്രമല്ല അതു പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞിട്ടും അവഗണന മാത്രം നേരിടേണ്ടിവരുന്ന സാഹചര്യം, കേരളം പോലെ സാമൂഹ്യ പുരോഗതി കൈവരിച്ചു എന്ന് നമ്മൾ കരുതുന്ന ഒരു നാടിനും ഭൂഷണമല്ല. പൊതുതിരഞ്ഞെടുപ്പിൽ ജനവിധി തേടിയ പശ്ചാത്തലമുള്ള വ്യക്തി കൂടിയായ അനന്യ കേരളത്തിലെ ട്രാൻസ് വിഭാഗത്തിന്റെ ശബ്ദം കൂടിയായിരുന്നു. ഇങ്ങനെ അവസാനിക്കരുതായിരുന്നു ആ ജീവിതം. അത്രമേൽ തീക്ഷ്ണവും കഠിനവുമായ വഴികൾ നടന്നവരാണ്. വലിയ ദുഃഖമുണ്ട് പക്ഷേ ഇനി ഇങ്ങനെയൊന്ന് നമ്മുടെ നാട്ടിൽ സംഭവിച്ചുകൂടാ. അതിന് വേണ്ടുന്ന നടപടികൾ സർക്കാർ സ്വീകരിക്കണം. അനന്യയുടെ അകാല വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികൾ!

 

https://www.facebook.com/ksudhakaraninc/photos/a.560739660674964/4196700997078794/