വനിതാമതിലില്‍ സര്‍ക്കാര്‍ ഫണ്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

വനിതാമതിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം പൊളിയുന്നു. വനിതാമതിലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിച്ചുവെന്ന സര്‍ക്കാര്‍ വാദമാണ് പൊളിഞ്ഞത്. ബജറ്റിലെ തുക മതിലിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍നിന്ന് മനസിലാകുന്നതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിന്‍റെ നയപരിപാടിയുടെ ഭാഗമായതിനാല്‍ ഇടപെടുന്നില്ലെന്നും എന്നാൽ ബജറ്റിൽ നിന്ന് എത്ര തുക ചെലവഴിച്ചുവെന്നു അറിയിക്കണമെന്നും കോടതി വ്യക്തമായി നിര്‍‌ദേശിക്കുന്നു.

വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ലെന്നും ബന്ധപ്പെട്ട സംഘടനകള്‍ക്ക് ഫണ്ട് കണ്ടെത്താനുള്ള ശേഷി ഉണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ വാദം  തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വനിതാ മതിലിനെക്കുറിച്ച് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് സത്യവാങ്മൂലത്തെ തെറ്റായി വ്യാഖ്യാനിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ വാദമാണ് ഇടക്കാല ഉത്തരവിന്‍റെ പകര്‍പ്പ് പുറത്തുവന്നതോടെ പൊളിയുന്നത്.

സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബജറ്റിൽ മാറ്റി വെച്ചിട്ടുണ്ടെന്നും വനിതാ മതിലും ഇത്തരം പ്രചാരണത്തിന്‍റെ ഭാഗമാണെന്നുമായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, ബിനാലെ പോലെ ഒരു പരിപാടി മാത്രമാണ് വനിതാ മതിലെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

women wall
Comments (0)
Add Comment