സര്‍ക്കാര്‍ ഗുരുതര സാമ്പത്തികപ്രതിസന്ധിയില്‍; ചെലവുകൾ വെട്ടിക്കുറയ്ക്കണമെന്ന് എല്ലാ വകുപ്പുകൾക്കും ധനവകുപ്പിന്‍റെ കർശന നിർദ്ദേശം

Jaihind Webdesk
Thursday, August 3, 2023

തിരുവനന്തപുരം: സർക്കാർ നേരിടുന്ന ഗുരുതര സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് അടുത്ത വർഷവും ചെലവുകൾ വെട്ടിക്കുറയ്ക്കണമെന്ന് എല്ലാ വകുപ്പുകൾക്കും ധനവകുപ്പിന്‍റെ കർശന നിർദ്ദേശം.അടുത്ത വർഷത്തെ സംസ്ഥാന ബജറ്റിലേക്കു നിർദേശങ്ങൾ ക്ഷണിച്ചുകൊണ്ടു ധനവകുപ്പു പുറത്തിറക്കിയ സർക്കുലറിലാണു മുന്നറിയിപ്പുള്ളത്. വരുംവർഷങ്ങളിലും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തന്നെ തുടരും എന്ന സൂചനയാണ് ഇത് നൽകുന്നത്.

എല്ലാ മേഖലയിലും ചെലവു ചുരുക്കൽ നടപ്പിലാക്കണം എന്ന നിർദ്ദേശത്തേടെയാണ് ധനവകുപ്പ് സർക്കുലർ ഇറക്കിയിരിക്കുന്നത്. ലാഭകരമല്ലാത്ത സ്കീമുകൾ എല്ലാം നിർത്തലാക്കണമെന്നു നിഷ്കർഷിച്ചു കൊണ്ടാണ് അടുത്ത വർഷത്തെ സംസ്ഥാന ബജറ്റിലേക്കു നിർദേശങ്ങൾ ക്ഷണിച്ചു ധനവകുപ്പ് സർക്കുലർ ഇറക്കിയത്. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണികൾ വരെ മാറ്റണം എന്ന നിർദ്ദേശവും
നൽകിയിട്ടുണ്ട്.
സർക്കാർ ജീവനക്കാർക്കു നൽകുന്ന ശമ്പളം ഒഴികെയുള്ള ഒരു പദ്ധതിയിതര ചെലവും ഈ വർഷത്തെക്കാൾ കൂടരുതെന്നു
സർക്കുലറിൽ കർശന നിർദ്ദേശമുണ്ട്. സർക്കാരിന്‍റെ വരുമാനം വർധിപ്പിക്കുന്നതിനു വേണ്ടി ഏതൊക്കെ മേഖലകളിൽ നിന്നാണു പണം പിരിഞ്ഞു കിട്ടാനുള്ളതെന്നും എന്തുകൊണ്ടാണു കുടിശികയെന്നും വകുപ്പുകൾ അറിയിക്കണം. വായ്പകൾ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാരണം വ്യക്തമാക്കണം. ഏതെങ്കിലും വകുപ്പ് സർക്കാരിലേക്ക് അടയ്ക്കേണ്ട പണത്തിൽ കുടിശിക വരുത്തിയിട്ടുണ്ടെങ്കിൽ അതു കുറവു ചെയ്തുള്ള പണമേ വകുപ്പിനു നൽകൂ. ബജറ്റ് എസ്റ്റിമേറ്റിൽ കൃത്യത പാലിക്കണം. എസ്റ്റിമേറ്റിലെ തുക പിന്നീടു കൂട്ടുകയോ കുറയ്ക്കുക്കയോ ചെയ്യേണ്ടി വരരുത്. ചെലവ് എസ്റ്റിമേറ്റിൽനിന്നു വ്യത്യാസപ്പെട്ടാൽ അതിനു കൃത്യമായ കാരണം ബോധിപ്പിക്കണം. തുടങ്ങിയ കർശന നിർദ്ദേശങ്ങളാണ് സർക്കുലറിൽ
ധനവകുപ്പ് നൽകിയിരിക്കുന്നത്.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വരും വർഷങ്ങളിലും തുടരുമെന്ന സൂചന തന്നെയാണ് ഇത് നൽകുന്നത്.