പൊഴി മുറിക്കല്‍ മന്ദഗതിയില്‍. കിഴക്കന്‍ പ്രദേശങ്ങള്‍ വെള്ളത്തിലാകുന്നു. പാട ശേഖരങ്ങളില്‍ മട വീഴ്ച. തോട്ടപ്പള്ളി പൊഴി മുറിക്കല്‍ ഇഴഞ്ഞു നീങ്ങുന്നതു മൂലമാണ് കിഴക്കന്‍ പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലായത്.
ഇത്തവണ കപ്പല്‍ മുങ്ങി കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുന്നതിനെത്തുടര്‍ന്ന് പൊഴി മുറിച്ചാല്‍ മൂലം രാസ മാലിന്യം കിഴക്കന്‍ പാടശേഖരങ്ങളിലും പ്രദേശങ്ങളിലും എത്തുമെന്ന കാരണം പറഞ്ഞാണ് പൊഴി മുറിക്കല്‍ മന്ദഗതിയിലാക്കിയത്.മുന്‍ കാലങ്ങളില്‍ തൊഴിലാളികള്‍ നേരിട്ടാണ് പൊഴി മുറിച്ചു കൊണ്ടിരുന്നത്. പിന്നീടിത് യന്ത്രസഹായത്താലാക്കി. 30 ഓളം ഹിറ്റാച്ചികളും നിരവധി ജെ.സി.ബികളും ഉപയോഗിച്ചാണ് പൊഴി മുറിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 3 ഹിറ്റാച്ചികളും 2 ജെ.സി.ബികളും മാത്രമാണ് പൊഴിമുറിക്കാനുള്ളത്. ഈ പ്രദേശത്ത് വന്‍തോതിലുള്ള കരിമണല്‍ നഷ്ടപ്പെടാതിരിക്കാനും കരിമണല്‍ ലോബിയെ സഹായിക്കാനുമാണ് ഇത്തവണ കണ്ടെയ്‌നറിലെ രാസ മാലിന്യത്തിന്റെ പേരില്‍ പൊഴി മുറിക്കല്‍ മന്ദഗതിയിലാക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
20 മീറ്റര്‍ വീതിയില്‍ പൊഴി മുറിച്ചാല്‍ മാത്രമേ കിഴക്കന്‍ വെള്ളം സുഗമമായി കടലിലേക്ക് ഒഴുകു. എന്നാല്‍ ഇപ്പോള്‍ 10 മീറ്റര്‍ വീതിയില്‍ മാത്രമാണ് പൊഴി മുറിക്കുന്നത്.ഈ വീതിയില്‍ പൊഴി മുറിച്ചാല്‍ ഇരുവശത്തു നിന്നും മണ്ണിടിഞ്ഞ് വീണ് നീരൊഴുക്ക് തടസ്സപ്പെടും. കൂടാതെ രാസ മാലിന്യം കലരുമെന്ന ആശങ്കയില്‍ ഇവിടെ പൊഴി മുറിക്കല്‍ മന്ദഗതിയിലാക്കുമ്പോള്‍ കണ്ടെയ്‌നറുകള്‍ അടിഞ്ഞ കൊല്ലം, കൊച്ചി, അഴീക്കല്‍ എന്നിവിടങ്ങളില്‍ പൊഴിയും തുറമുഖവും അടച്ചിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. തോട്ടപ്പള്ളിയില്‍ കരിമണല്‍ ലോബിയെ സഹായിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നതു മൂലം കിഴക്കന്‍ വെള്ളം കയറി നിരവധി അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങള്‍ വെള്ളത്തിലാകുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്. കഴിഞ്ഞ ഏതാനും ദിവസത്തെ മഴയെത്തുടര്‍ന്ന് അണക്കെട്ടുകള്‍ നിറഞ്ഞതോടെ അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ ജല നിരപ്പ് ഉയരുകയാണ്. ഇത് കണക്കിലെടുത്ത് തോട്ടപ്പള്ളി പൊഴി മുറിക്കല്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.