മുല്ലപ്പെരിയാർ മരംമുറി; ബെന്നിച്ചൻ തോമസിന് എതിരായ വകുപ്പുതല നടപടി അവസാനിപ്പിച്ച് സർക്കാർ

Jaihind Webdesk
Thursday, May 19, 2022

 

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി ഉത്തരവ് ഇറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് എതിരായ വകുപ്പുതല നടപടി സർക്കാർ അവസാനിപ്പിച്ചു. ശാസന മാത്രം നൽകിയാണ് നടപടി സർക്കാർ അവസാനിപ്പിച്ചത്. നയപരമായ കാര്യങ്ങളിൽ ഉത്തരവ് ഇറക്കുമ്പോൾ സർക്കാരിന്‍റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങണമെന്നും നിർദേശം നൽകി.

ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാനായിരുന്നു തമിഴ്നാടിന് ബെന്നിച്ചൻ തോമസ് അനുമതി നൽകിയത്. ഇത് വിവാദമായതോടെ ഉത്തരവ് റദ്ദാക്കിയ സർക്കാർ ബെന്നിച്ചനെ സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെത്തി. വകുപ്പുതല അന്വേഷണ റിപ്പോർട്ട് ബെന്നിച്ചൻ തോമസിന് അനുകൂലമായതോടെയാണ് സർക്കാർ ശാസന നൽകി നടപടി അവസാനിപ്പിച്ചത്. വനം മേധാവിയെ നിശ്ചയിക്കാനുള്ള യോഗം അടുത്ത ദിവസം ചേരാനിരിക്കെയാണ് സർക്കാർ വകുപ്പുതല നടപടി അവസാനിപ്പിച്ചത്.

നവംബര്‍ അഞ്ചിനാണ് മരംമുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ബെന്നിച്ചന്‍ തോമസ് ഉത്തരവിറക്കിയത്. ഇതിന് മുന്നോടിയായി നവംബര്‍ ഒന്നിന് ജലവിഭവ സെക്രട്ടറിയുടെ ചേംബറില്‍ യോഗം ചേർന്നിരുന്നു. എന്നാല്‍ മരം മുറിക്ക് അനുമതി നല്‍കുന്നതിനായി നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്നായിരുന്ന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ വാദം.  യോഗം ചേര്‍ന്നതിന് തെളിവായി സര്‍ക്കാര്‍ രേഖ തന്നെ പുറത്ത് വന്നതോടെ ഇത് കള്ളമായിരുന്നെന്ന് തെളിഞ്ഞു. വിവാദ മരം മുറി ഉത്തരവിന്‍റെ പേരില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും വനം മന്ത്രി എകെ ശശീന്ദ്രനും പരസ്പരം പഴി ചാരി തടിയൂരാനും ശ്രമിച്ചു. എന്തായാലും വിവാദ മരംമുറി ഉത്തരവ് സംബന്ധിച്ച ദുരൂഹതകള്‍ ഏറെയാണ്.