‘സര്‍ക്കാരിന് വലിയ വീഴ്ചയുണ്ടായി, പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങൾ’; വയനാട് പുനരധിവാസ ചർച്ചയിൽ കേന്ദ്രത്തിനെതിരെ ടി. സിദ്ദീഖ്

Jaihind Webdesk
Monday, October 14, 2024

 

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പുനരധിവാസം വേഗത്തിലാക്കണമെന്ന് ടി. സിദ്ദീഖ് എംഎൽഎ. നിയമസഭയില്‍ വയനാട് പുനരധിവാസം സംബന്ധിച്ച് അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത ബാധിതർക്ക് ഇപ്പോഴും പ്രയാസവും വേദനയുമാണ്. പരുക്കേറ്റ പലരും ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണെന്നും ടി. സിദ്ദിഖ് ചൂണ്ടിക്കാട്ടി.

ദുരന്തം നടന്നിട്ട് 76 ദിവസമായി. തുടക്കത്തിലുള്ള ആവേശം പുനരധിവാസത്തിൽ കാണുന്നില്ല.  ജില്ലയുടെ ദുരന്തനിവാരണത്തില്‍ ചുമതലയുള്ള കലക്ടറെ മാറ്റിയത് പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച്ചയുണ്ടാ‌കാൻ കാരണമായി. പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചു പിന്തുണ പ്രഖ്യാപിച്ചു. പക്ഷെ അടിയന്തര സഹായം പോലും നൽകിയില്ല. ഇന്ത്യൻ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് വയനാട്ടിലെ ജനങ്ങൾ ചോദിക്കുന്നുണ്ടെന്നും സിദ്ദീഖ് സഭയിൽ പറഞ്ഞു.

വൈകാതെ തന്നെ പുനരധിവാസം നടപ്പാക്കണം. ഏറ്റെടുക്കുന്ന തോട്ടഭുമി നിയമക്കുരുക്കിലല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വരുന്നതിന്‍റെ തലേന്ന് അവസാനിപ്പിച്ചതാണ് തിരച്ചിൽ. പിന്നീട് ഒരു ദിവസം മാത്രമാണ് തിരച്ചിൽ നടത്തിയത്. മരണം സ്ഥിരീകരിക്കേണ്ടത് ധനസഹായത്തിനും നിർണായകമാണെന്ന് ടി.സിദ്ദിഖ് ചൂണ്ടിക്കാട്ടി.

അതോടെപ്പം ദുരന്തബാധിതരിൽ ലോണെടുത്തവർ നിരവധി പേരുണ്ടെന്നും അവരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടും ഇന്നു വരെ അതിന് തയ്യാറായിട്ടു പോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ടവരുടെ കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടികൾ സംസ്ഥാന സർക്കാർ അടിയന്തരമായി സ്വീകരിക്കണം. ശ്രുതിക്ക് ജോലി കൊടുക്കാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു.