സമരം കടുപ്പിക്കാനൊരുങ്ങി സർക്കാർ ഡോക്ടർമാർ ; ആരോഗ്യപ്രവർത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയതിലും സർക്കാരിനെതിരെ പ്രതിഷേധം

Jaihind News Bureau
Monday, October 5, 2020

തിരുവനന്തപുരം : രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ശിക്ഷണ നടപടി പിന്‍വലിച്ചില്ലെങ്കില്‍ സമരം അനിശ്ചിതകാലത്തേക്ക് നീട്ടാനൊരുങ്ങി ഡോക്ടര്‍മാര്‍. ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയതിലും കടുത്ത പ്രതിഷേധം. കെ.ജി.എം.സി.ടി.എ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം ഇന്നവസാനിക്കുന്നതിന് മുന്നോടിയായാണ് സമരം ശക്തമാക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ശിക്ഷണ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ മൂന്നാം ദിവസമായ ഇന്നും സമരം തുടരുകയാണ്. ഇന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഒ.പി ബഹിഷ്‌കരണം തുടരാനാണ് തീരുമാനം. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ ഡോക്ര്‍മാര്‍ ഇന്നും രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിച്ചു. മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും ഓണ്‍ലൈനടക്കം ക്ലാസുകളും നിര്‍ത്തിവെച്ചു. അത്യാഹിത വിഭാഗങ്ങള്‍ക്ക് മുടക്കമുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയതിലും വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ നഴ്‌സുമാരുടെ സംഘടനയായ കെ.ജി.എന്‍.എ ഇന്നലെ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹ സമരവും തുടരുകയാണ്. എട്ട് മാസമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ത്യാഗനിര്‍ഭരമായ സേവനം കാഴ്ചവെക്കുന്ന നഴ്സുമാര്‍ക്കുള്ള സമ്മാനമാണ് സാലറി കട്ടും സസ്പന്‍ഷനും എന്നും രോഗിയെ പുഴുവരിച്ച സംഭവത്തില്‍ കൊവിഡ് കാലത്തും ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് നികാത്താതെ കൂടുതല്‍ ജോലിഭാരം അടിച്ചേല്‍പ്പിച്ച സര്‍ക്കാരിനാണ് ഉത്തരവാദിത്തം എന്നും ആരോഗ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഡോക്ടറെയും നഴ്സുമാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. നോഡല്‍ ഓഫീസര്‍ ഡോ.അരുണ, ഹെഡ് നഴ്സുമാരായ ലീന, രജനി എന്നിവര്‍ക്കെതിരെയാണ് നടപടി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

രോഗിയെ പുഴുവരിച്ച സംഭവം ജീവനക്കാരുടെ വീഴ്ച മൂലമാണെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മകള്‍ പരാതിപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആദ്യ ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ ഇതുവരെ സമരങ്ങള്‍ അവസാനിപ്പിക്കുന്നതിനുവേണ്ടി ഇടപെട്ടിട്ടില്ല. സര്‍ക്കാരും ഡോക്ടര്‍മാരും തമ്മിലുള്ള പോര് തുടരുകയാണെങ്കില്‍ പ്രതിസന്ധിയിലാവുക സാധാരണക്കാരായ രോഗികളാണ്.