കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ആശാ പ്രവര്‍ത്തകരോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആശാ വര്‍ക്കര്‍മാരുടെ ശക്തമായ സമരത്തെത്തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട വിദഗ്ദ്ധ സമിതിയുടെ 22 സുപ്രധാന ശുപാര്‍ശകളില്‍ ഒന്നുപോലും ഇതുവരെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിവരാവകാശ അപേക്ഷയിലൂടെ ലഭിച്ച വനിതാ-ശിശുവികസന വകുപ്പിന്റെ മറുപടി സര്‍ക്കാരിന്റെ അനാസ്ഥ വ്യക്തമാക്കുന്നു. ഓണറേറിയം വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ശുപാര്‍ശകള്‍ ധനകാര്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും പരിധിയില്‍ വെച്ച് സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണ്.
ഓണറേറിയം വര്‍ധിപ്പിക്കാനുള്ള സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ ധനപ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. 10 വര്‍ഷം പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് 1500 രൂപയും മറ്റുള്ളവര്‍ക്ക് 1000 രൂപയും പ്രതിമാസം വര്‍ദ്ധിപ്പിക്കണമെന്നതായിരുന്നു പ്രധാന ശുപാര്‍ശ. എന്നാല്‍, പ്രതിമാസം ശരാശരി 1000 രൂപ വര്‍ദ്ധിപ്പിക്കുന്നത് വഴി 31.35 കോടി രൂപയുടെ അധികബാധ്യത വരുമെന്ന ന്യായം നിരത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ഓണറേറിയം വര്‍ദ്ധന, ബി.പി.എല്‍. വിഭാഗത്തിന് തുല്യമായ ചികിത്സാ സൗജന്യം തുടങ്ങിയ വിഷയങ്ങള്‍ ധനകാര്യ വകുപ്പിന്റെ പരിശോധനയ്ക്ക് വിട്ടെന്നാണ് നിലവിലെ മറുപടി.
വിദഗ്ദ്ധ സമിതിയുടെ 22 ശുപാര്‍ശകളില്‍ ഒന്നെങ്കിലും നടപ്പാക്കിയതായോ എപ്പോള്‍ നടപ്പാക്കുമെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ആശാ പ്രവര്‍ത്തകരുടെ ദുരിതം തുടരുകയാണ്. ഇതിലും ഗുരുതരമായി, സമരത്തില്‍ പങ്കെടുത്ത ആശാ പ്രവര്‍ത്തകരുടെ മേല്‍ കാന്റോണ്‍മെന്റ് പോലീസ് ചുമത്തിയ കേസുകള്‍ പോലും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സ്ത്രീ സുരക്ഷയ്ക്കായി മുറവിളി കൂട്ടുകയും സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന ഇടതുപക്ഷ സര്‍ക്കാര്‍, തങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത ആശാ പ്രവര്‍ത്തകരോട് 200 ദിവസത്തിലേറെയായി പ്രാകൃതമായ മുഖമാണ് കാണിക്കുന്നതെന്നും, ഇത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്നും വിമര്‍ശനം ഉയരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന ലളിതമായ ശുപാര്‍ശ പോലും നടപ്പാക്കാന്‍ നടപടി സ്വീകരിക്കാത്തത് സര്‍ക്കാരിന്റെ നിസ്സംഗത വ്യക്തമാക്കുന്നു.