വക്കഫ് നടപടിക്രമങ്ങള്‍ക്ക് സ്റ്റേ വാങ്ങിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ട്രൈബ്യൂണല്‍ വഴി മുനമ്പം നിവാസികള്‍ക്ക് നീതി ലഭിക്കുന്നതിനെ തടയുകയാണ് സര്‍ക്കാര്‍ ചെയ്തത്. ട്രൈബ്യൂണലിന്റെ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെ കോടതിയില്‍ നിന്ന് നടപടികള്‍ക്ക് സ്റ്റേ വാങ്ങിയത് വക്കഫ് മന്ത്രിയുടെ കൂടി അനുമതിയോടുകൂടിയാണ്. കാലാവധിയ്ക്കു ശേഷം വരുന്ന ട്രൈബ്യൂണല്‍ പുതിയ നിയമം വഴി പുനസ്സംഘടിപ്പിക്കപ്പെട്ട സംവിധാനമായിരിക്കും. സംഘപരിവാര്‍ അജണ്ടയ്ക്ക് വഴിയൊരുക്കി കൊടുക്കുകയാണ് പിണറായി സര്‍ക്കാര്‍. മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി നല്‍കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ പരാജയപ്പെടുത്തുന്നതായും അദ്ദേഹം ആരോപിച്ചു.
കേരള സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഫറൂഖ് മാനേജ്മെന്റ് നല്‍കിയ കേസ് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയി ട്രിബ്യൂണലിന്റെ നടപടിക്രമങ്ങള്‍ക്ക് സ്റ്റേ വാങ്ങിയത്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. മെയ് 19 ന് ട്രിബ്യൂണലിന്റെ കാലാവധി അവസാനിക്കാന്‍ ഇരിക്കെ മെയ് 29 വരെയാണ് സ്റ്റേ വാങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ വഖഫ് ട്രിബ്യൂണല്‍ മുനമ്പം നിവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത്. ട്രിബ്യൂണലില്‍ നിന്നും നീതിപൂര്‍വകമായ വിധിയുണ്ടാകുമെന്നാണ് മുനമ്പത്തെ ജനത കരുതിയിരുന്നത്. ആ ട്രിബ്യൂണലിനെക്കൊണ്ട് വിധി പറയിപ്പിക്കാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡ് ശ്രമിച്ചത്. വഖഫ് മന്ത്രിയുടെ കൂടി അനുമതിയോടെയാണ് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. മുനമ്പത്തെ ജനങ്ങള്‍ക്ക് കിട്ടേണ്ട നീതി സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണ്. ക്രൈസ്തവ- മുസ്ലീം ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കിക്കൊടുക്കുകയാണ്. എന്തിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അദ്ദേഹം പറഞ്ഞു.
സി.പി.ഐ നേതാക്കള്‍ക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണ്. ഓരോ ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കും. ബിനോയ് വിശ്വത്തിന്റെ നിലപാട് എത്ര ദിവസം നിലനില്‍മെന്ന് അറിയില്ല. പാര്‍ട്ടിയിലും മുന്നണിയിലും അസ്വസ്ഥതകള്‍ പുകയുന്നു എന്നതിന്റെ ഉദാഹരണമാണിത്. സ്തുതിപാടക സംഘം മത്സരിച്ച് സ്തുതി പാടുന്ന കാലത്താണ് ഇതൊക്കെ നടക്കുന്നത്. എല്ലാം കാരണഭൂതനാണെന്ന് പറയുന്ന ഒരു കാലത്ത് ജീവിക്കുമ്പോള്‍ അതിന് എതിരെ ചോദ്യം ഉന്നയിക്കാന്‍ ആരെങ്കിലുമെക്കെ വരട്ടെ.
കരിവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന് 100 കോടിയുടെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയതില്‍ സര്‍ക്കാരും പാര്‍ട്ടിയും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേസില്‍ ഇ.ഡി കോടതിയില്‍ നല്‍കിയ കൗണ്ടര്‍ അഫിഡവിറ്റില്‍ ഗുരുതര ആരോപണങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതില്‍ സിപിഎമ്മും സര്‍ക്കാരും മറുപടി പറയണം. സിപിഎമ്മിന് മറുപടി പറയാനുള്ള ബാധ്യയുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സുപ്രീംകോടതി വിധിയെക്കുറിച്ച് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണ്. അങ്ങനെ പറയാന്‍ പാടില്ല . വിധി ശരിയല്ല എന്ന് ഗവര്‍ണര്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കണമന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കുട്ടത്തിനെതിരായ ഭീഷണിയിലും അദ്ദേഹം പ്രതികരിച്ചു. ഒരു ഭീഷണിയിലും ഭയപ്പെടുന്നവര്‍ അല്ല ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍. ബിജെപിക്കാരുടെ ഭീഷണിക്കുമുന്നില്‍ വഴങ്ങുന്നവരല്ല കോണ്‍ഗ്രസുക്കാരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാടന്‍ ജനത വോട്ട് ചെയ്ത് വിജയിപ്പിച്ചതാണ് ഈ ഭീഷണി ബിജെപിക്കാരുടെ രീതിമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിനെ സംരക്ഷിക്കാനുള്ള സംവിധാനം കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്. :യൂത്ത് കോണ്‍ഗ്രസക്കാരെ ഞങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.