സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം

Jaihind News Bureau
Thursday, February 19, 2026

 

വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഉല്‍പ്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡിക്ക് പേരായി. ‘മലബാര്‍ മിസ്റ്ററി’ എന്നാണ് പുതിയ ബ്രാന്‍ഡിന്റെ പേര്. ഫെബ്രുവരി 21-ന് പാലക്കാട് ചിറ്റൂരിലെ മലബാര്‍ ഡിസ്റ്റിലറീസ് ഉദ്ഘാടന വേളയില്‍ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പുതിയ ബ്രാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

പുതിയ മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചുകൊണ്ടുള്ള ബെവ്‌കോയുടെ പരസ്യം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. സര്‍ക്കാര്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതോടെ പദ്ധതി മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഈ മത്സരത്തിനെതിരെ ഹൈക്കോടതി നോട്ടീസ് അയക്കുകയും പരസ്യം സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

നിയമക്കുരുക്ക് മുറുകിയതോടെ, മദ്യത്തിന് പേരിടാനുള്ള മത്സരത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് ബെവ്‌കോ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തുടര്‍ന്ന് മലബാര്‍ ഡിസ്റ്റിലറീസിനോട് കോടതി വിശദീകരണം തേടുകയും കേസ് കൂടുതല്‍ വാദത്തിനായി മാര്‍ച്ച് 12-ലേക്ക് മാറ്റുകയും ചെയ്തു. ഇത്തരത്തില്‍ മത്സരത്തിലൂടെ പേര് കണ്ടെത്തുന്നതിലെ തടസ്സങ്ങള്‍ പരിഗണിച്ചാണ് വകുപ്പ് തലത്തില്‍ തന്നെ ‘മലബാര്‍ മിസ്റ്ററി’ എന്ന പേര് ഉറപ്പിച്ചത്. കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഈ ബ്രാന്‍ഡി ഈ മാസം 21 മുതല്‍ വിപണിയിലെത്തും. ജവാന്‍ റമ്മിന് സമാനമായി സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ബ്രാന്‍ഡാണിതെന്നാണ് സൂചന.