NEPAL| സോഷ്യല്‍ മീഡിയക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി: നേപ്പാളില്‍ ‘ജെന്‍ സി’ പ്രക്ഷോഭം ആളിക്കത്തുന്നു; പൊലീസ് വെടിവെപ്പില്‍ 19 മരണം

Jaihind News Bureau
Monday, September 8, 2025

കാഠ്മണ്ഡു: ദേശീയ സുരക്ഷയുടെ പേരില്‍ സോഷ്യല്‍ മീഡിയക്ക് വിലക്കേര്‍പ്പെടുത്തിയ നേപ്പാള്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ യുവതലമുറ (ജെന്‍ സി) തുടങ്ങിയ പ്രക്ഷോഭം രാജ്യമെങ്ങും വ്യാപിക്കുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം മറ്റ് നഗരങ്ങളിലേക്കും പടര്‍ന്നതോടെ, പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പോലീസ് വെടിവെപ്പില്‍ 19 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രതിഷേധം ശക്തമായതോടെ, നേപ്പാള്‍ ഭരണകൂടം കര്‍ശന നടപടികളിലേക്ക് കടന്നു. കാഠ്മണ്ഡുവിലടക്കം വിവിധ നഗരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ, സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന് പട്ടാളത്തെ വിന്യസിക്കാന്‍ തീരുമാനമെടുത്തു. നിരോധനാജ്ഞ ലംഘിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുന്നത് നേപ്പാളിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്.

നേപ്പാള്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്തതാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാന്‍ കാരണം. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, യൂട്യൂബ്, എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ് ഇന്‍ തുടങ്ങിയ പ്രധാന പ്ലാറ്റ്ഫോമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഒരാഴ്ചത്തെ സമയം നല്‍കിയിരുന്നെങ്കിലും, ഇവര്‍ അപേക്ഷ നല്‍കിയില്ല. കഴിഞ്ഞ വര്‍ഷത്തെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍, ഈ നിരോധനം അഴിമതിയും ദുര്‍ഭരണവും മറച്ചുവെക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് യുവജനങ്ങള്‍ ആരോപിക്കുന്നു. നേപ്പാളില്‍ 13.5 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളും 3.6 ദശലക്ഷം ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുമുണ്ട്. ഈ നിരോധനം ചെറുകിട ബിസിനസുകളെയും വ്യക്തികളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇത് ഒരു സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരായ പ്രക്ഷോഭത്തില്‍ നിന്ന് അഴിമതിക്കെതിരായ പോരാട്ടമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ടിക് ടോക്ക്, വൈബര്‍, നിംബസ്, പോപ്പോ ലൈവ് തുടങ്ങിയ ചില പ്ലാറ്റ്ഫോമുകള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ അവ ഇപ്പോഴും നേപ്പാളില്‍ ലഭ്യമാണ്. ടെലിഗ്രാമും ഗ്ലോബല്‍ ഡയറിയും നല്‍കിയ അപേക്ഷകള്‍ പരിശോധിച്ചുവരികയാണ്.