ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരന്‍റെ സംസ്കാരച്ചടങ്ങില്‍ അനാദരവ് ; സർക്കാരിനെതിരെ പ്രതിഷേധവുമായി കായികതാരങ്ങള്‍

Jaihind Webdesk
Thursday, August 26, 2021

കൊച്ചി : ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരന്റെ സംസ്കാര ചടങ്ങിലെ അനാദരവിനെതിരെ മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളും കോൺഗ്രസും. ചന്ദ്രശേഖരനോട് സർക്കാർ കാട്ടിയത് അവഗണനയെന്ന് മുൻ താരങ്ങളായ സി.സി.ജേക്കബും, എം.എം.ജേക്കബും പറഞ്ഞു. ഒളിംപിക്സ് ഫുട്ബോൾ കളിച്ച അവശേഷിച്ച ഏക മലയാളിയെ ഈ രീതിയിലല്ല പരിഗണിക്കേണ്ടിയിരുന്നതെന്ന് ഇരുവരും പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ തലമുറയിലെ കണ്ണിയായ ഒ.ചന്ദ്രശേഖരന് അർഹിച്ച പരിഗണന നൽകിയില്ലന്ന ആക്ഷേപം വ്യാപകമാണ്. ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവിന്റെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധിയെപ്പോലും അയക്കാതിരുന്നത് മോശമാണെന്ന് മുൻ താരങ്ങൾ ആരോപിച്ചു.

മരണാനന്തര ചടങ്ങുകളോട് സംസ്ഥാന സർക്കാർ കാണിച്ച അനാദരവ് കായിക മേഖലയോടും കേരളത്തിലെ ഫുട്ബോൾ പ്രേമികളോടും കാണിച്ച അവഗണനയാണെന്ന് കോൺഗ്രസ്‌ നിയമസഭാകക്ഷി ഉപനേതാവും കേരള ഫുട്ബോൾ അസോസിയേഷൻ നിർവ്വാഹക സമിതി അംഗവുമായ കെ. ബാബു എം എൽ എ പറഞ്ഞു. കേരളത്തിൻ്റെ ഖ്യാതി ലോകം മുഴുവൻ എത്തിച്ച മഹാനായ ഫുട്ബോളർ ഒ. ചന്ദ്രശേഖരൻ്റെ മരണാനന്തര ചടങ്ങുകൾക്ക് ഒദ്യോഗിക ബഹുമതി നൽകാതെ ഒരു ഡെപ്യൂട്ടി കളക്ടറെ അയയ്ക്കാനുള്ള മര്യാദ മാത്രമാണ് ഈ സർക്കാർ കാണിച്ചത്. കായിക മന്ത്രിയോ മറ്റ് മന്ത്രിമാരോ ജില്ല കളക്ടർ പോലുമോ തിരിഞ്ഞു നോക്കിയില്ല എന്നത് അത്യന്തം ഖേദകരവും വേദനാജനകവുമാണ്. ഇത് കേരളത്തിലെ കായിക മേഖലയോടുള്ള സർക്കാരിൻ്റെ അവഗണനയാണ് കെ. ബാബു പത്രക്കുറിപ്പിൽ അറിയിച്ചു.