‘അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം’ ; യുഡിഎഫ് സംഘം തൃശൂരിലെ വനംകൊള്ള നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

Jaihind Webdesk
Friday, June 18, 2021

തൃശൂർ ജില്ലയിലെ വനം കൊള്ള സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാൻ റവന്യൂ മന്ത്രി കെ രാജൻ ശ്രമിക്കുന്നുവെന്ന് ടി.എൻ പ്രതാപൻ എം.പി. ജില്ലയിലെ മരം മുറി നടന്ന പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ ജില്ലയിലെ പൂമല, പുലാക്കോട് മേഖലകളിലാണ് യുഡിഎഫ് പ്രതിനിധി സംഘം സന്ദർശനം നടത്തിയത്. യുഡിഎഫ് സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയത് പ്രകാരമാണ് ഇവർ ഈ പ്രദേശങ്ങളിൽ എത്തിയത്. ടി.എൻ.പ്രതാപൻ എംപി നേതൃത്വം നൽകിയ സംഘത്തിൽ രമ്യ ഹരിദാസ് എം.പി, സനീഷ് കുമാർ ജോസഫ് എംഎൽഎ, മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, ഡിസിസി പ്രസിഡന്‍റ് എം.പി വിൻസെന്‍റ്, മുൻ എംഎൽഎ അനിൽ അക്കര യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി മറ്റ് കക്ഷി നേതാക്കൾ തുടങ്ങിയവർ അംഗങ്ങളായിരുന്നു.

ആദ്യം പൂമല പ്രദേശത്ത് എത്തിയ സംഘം കർഷകരിൽ നിന്നും പ്രദേശ വാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് പുലാക്കോട് പ്രദേശത്തും സന്ദർശനം നടത്തി. പ്രതീകാത്മകമായി മരം നട്ട് യുഡിഎഫ് നേതാക്കൾ പ്രതിഷേധിച്ചു. വനം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനാണ് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.