സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല; ഹൈടെക് പുറം മോടിയിൽ മാത്രം; സർക്കാരിന്‍റെ പിടിപ്പ് കേടിലേക്ക് വിരല്‍ചൂണ്ടി ഷെഹ് ലയുടെ മരണവും…

Jaihind News Bureau
Friday, November 22, 2019

സ്‌കൂളുകളെല്ലാം ഹൈടെക് ആക്കിയെന്ന് അവകാശപ്പെടുന്ന സംസ്ഥാന സർക്കാരിന്‍റെ പിടിപ്പ് കേടിലേക്ക് തന്നെയാണ് ബത്തേരിയിൽ ക്ലാസ്സ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരണപ്പെട്ട സംഭവം വിരൽ ചൂണ്ടുന്നത്. സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ ഹൈടെക് എന്നത് പുറം മോടിയിൽ മാത്രം ഒതുങ്ങുകയാണ്.

വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച ബത്തേരിയിലെ സർവജന സ്‌കൂളിലെ ക്ലാസ് മുറിയാണിത്.  ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിവധി മാളങ്ങൾ ഇതിന് സമാനം തന്നെയാണ് സ്‌കൂളിലെ മറ്റ് ക്ലാസ്സ് മുറികളും. നിരവധി തണവ ഇതിനെതിരെ പരാതി പെട്ടിരുന്നതായാണ് കുട്ടികൾ പറയുന്നത്. എന്നാൽ അധികൃതർ വേണ്ട രീതിയിൽ അതിനെ ഗൗനിച്ചില്ല ഒരു പക്ഷേ കുട്ടികളുടെ പരാതിയിൽ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഷെഹല ഷെറിൻ എന്ന പൊന്നോമനയ്ക്ക് ജീവൻ നഷ്ടമാകില്ലായിരുന്നു.

വാ തോരാതെ കേരളത്തിലെ സ്‌കൂളുകളെല്ലാം ഹൈടെക്കാക്കിയെന്ന് പറയുന്ന സംസ്ഥാന സർക്കാറിന്‍റെ പിടിപ്പ് കേട് തന്നെയാണ് ഷെഹ് ലയുടെ മരണത്തിന് പിന്നിൽ എന്നതിൽ സംശയമില്ല.

ഹൈടെക്ക് സ്‌കൂളുകളെന്നത് പുറം മോടിയിൽ മാത്രമാണ്. സ്‌കൂളിനകത്ത് കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല.
ക്ലാസ് മുറികളിൽ നേരത്തെയും പാമ്പിനെ കണ്ടിരുന്നതായി കുട്ടികൾ പറയുന്നുണ്ട്. മറ്റൊരു വിദ്യാർത്ഥിക്കും ഇനി ഇത്തരമൊരവസ്ഥ ഉണ്ടാകരുതെന്നാണ് സ്‌കൂളിൽ പരാതിയുമായെത്തിയ രക്ഷിതാക്കൾ പറഞ്ഞതത്രയും. ദിവസവും ക്ലാസ് ആരംഭിക്കുന്നതിന് മുൻപ് ക്ലാസ് മുറികൾ അധ്യാപകർ തന്നെ പരിശേധിക്കണമെന്ന അനിവാര്യതയിലേക്കാണ് ഈ സംഭവം വിരൽചൂണ്ടുന്നത്