‘സമരങ്ങളോട് സര്‍ക്കാരിന് അലര്‍ജി’ ; സമരക്കാർക്ക് വേണ്ടി മുഖ്യമന്ത്രിക്ക് കത്തയക്കും- രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, April 10, 2025

സമരങ്ങളോട് സര്‍ക്കാരിന് അലര്‍ജിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തില്‍ മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരവേദിയില്‍ എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വായ് മൂടി കെട്ടി പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് വനിത ഉദ്യോഗാര്‍ത്ഥികള്‍.

സമരക്കോരോട് സര്‍ക്കാര്‍ മനുഷ്യത്വ രഹിതമായ നിലപാട് തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ സമരവേദിയില്‍ എത്തി സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഒഴിവുകള്‍ ഉണ്ടായിട്ടും, റാങ്ക് ലിസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിട്ടും നിയമനം നടത്താത്ത സര്‍ക്കാര്‍ സമീപനത്തിനെതിരെ ശക്തമായിട്ടാണ് കഴിഞ്ഞ 9 ദിനങ്ങളായി ഇവര്‍ പ്രതിഷേധിക്കുന്നത്. വിവിധ തരത്തിലുള്ള സമര മുറകളാണ് ഇവര്‍ നടത്തിയത്. സമരക്കാരുടെ ആവശ്യങ്ങള്‍ നടത്തി കൊടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് തന്നെ കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കവെ സമരക്കാരില്‍ ഒരാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ വാഹനത്തില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതെല്ലാം സര്‍ക്കാര്‍ കാണണം. കഷ്ടപ്പെട്ട് പഠിച്ച് വാങ്ങിയ ജോലിയാണ് അവര്‍ ചോദിക്കുന്നത്. ഒഴിവുകള്‍ ഇല്ലാഞ്ഞിട്ടോ, ലിസ്റ്റില്‍ പേരില്ലാഞ്ഞിട്ടോ അല്ല, സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് സര്‍ക്കാര്‍ കണ്ണില്ലാ ക്രൂരത ഈ പാവങ്ങളോട് കാട്ടുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരും എന്ന് ഉറപ്പാണ്.