സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി എ.സമ്പത്തിനായി വീണ്ടും സർക്കാർ ധൂർത്ത്; ഡൽഹിയിൽ ഔദോഗിക വസതിയും ഓഫീസും ഉള്ള സമ്പത്തിന് തിരുവനന്തപുരത്ത് ഔദ്യോഗിക ഫോൺ അനുവദിച്ചു; പാഴ്‌ച്ചെലവ് ഖജനാവ് കാലിയാണെന്ന് സർക്കാർ ആവർത്തിക്കുമ്പോൾ…

Jaihind News Bureau
Thursday, January 23, 2020

ഡൽഹിയിലെ കേരള സർക്കാരിന്‍റെ പ്രതിനിധി എ. സമ്പത്തിന് വേണ്ടി വീണ്ടും സർക്കാരിന്‍റെ ധൂർത്ത്. ഡൽഹിയിൽ ഔദോഗിക വസതിയും ഓഫീസും വീടും ഉള്ള സമ്പത്തിന് തിരുവനന്തപുരത്ത് ഔദ്യോഗിക ഫോൺ അനുവദിച്ച് കൊണ്ട് ഉള്ള സർക്കാരിന്‍റെ ഈ പാഴ്‌ചെലവ്.  ഖജനാവ് കാലിയാണെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് സിപിഎം നേതാക്കൾക്കായി ധൂർത്ത് തുടരുന്നത്.

https://youtu.be/qYo3EAfxFHk

ഡല്‍ഹിയില്‍ നിയമിതനായ സമ്പത്ത്, ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഒരു മൊബൈല്‍ ഫോണും ലാന്‍ഡ്ഫോണും അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് കത്തെഴുതി. 9447066840 എന്ന മൊബൈല്‍ നമ്പറും 0471-2326571 എന്ന ലാന്‍ഡ്ഫോണ്‍ നമ്പറും ഔദ്യോഗിക ഫോണ്‍ നമ്പറുകളായി പരിഗണിക്കണമെന്ന സമ്പത്തിന്‍റെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍ ജനുവരി 21 ന് ഉത്തരവ് പുറപ്പെടുവിച്ചു. ഈ രണ്ട് ടെലിഫോണുകളുടെയും ബില്ലുകള്‍ ഡല്‍ഹിയിലെ റസിഡന്‍റ് കമ്മീഷണറുടെ അക്കൗണ്ടില്‍നിന്ന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.  എന്നാല്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നതിന് ഓരോ പുതു വഴികള്‍ തേടുന്ന സര്‍ക്കാരിന്‍റെയും വകുപ്പ് മേധാവികളുടെയും മുന്നില്‍, ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന പ്രത്യേക പ്രതിനിധിക്ക് തിരുവനന്തപുരത്ത് ഔദ്യോഗിക ടെലിഫോണ്‍ എന്തിനെന്ന ചോദ്യം തികച്ചും അപ്രസക്തമത്രേ…

സംസ്ഥാന സര്‍ക്കാരിന്‍റെ കാര്യങ്ങള്‍ നോക്കാന്‍ ഡല്‍ഹിയില്‍ റസിഡന്‍റ് കമ്മീഷണര്‍ ഉണ്ടായിരിക്കെയാണ് തോറ്റ ‘മുന്‍ എംപി’ ആയ സമ്പത്തിനെ സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത് തന്നെ വിവാദമായിരുന്നു.  ഒരു പ്രൈവറ്റ് സെക്രട്ടറിയും, രണ്ട് അസിസ്റ്റന്‍റുമാരും, ഒരു ഓഫീസ് അസിസ്റ്റന്‍റുമാരും, ഡ്രൈവർമാരും അടക്കം 4 പുതിയ  തസ്തികകളും ഇദ്ദേഹത്തിനായി പുതുതായി സൃഷ്ടിച്ചു.  വേതന ഇനത്തില്‍ അലവന്‍സ് ഉള്‍പ്പെടെ ഇദ്ദേഹത്തിന് 90,000 രൂപയോളം ലഭിക്കുന്നുണ്ട്. കൂടാതെ വാഹനവും ഔദ്യോഗിക വസതിയും നല്‍കിയിട്ടുണ്ട്.  സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കാനുളള പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനാണ് ഇതെല്ലാമെന്നാണ് സർക്കാർ ഭാഷ്യം. എന്നാല്‍ ഇത്തരത്തില്‍ ഇദ്ദേഹത്തിന്‍റെ ശ്രമഫലമായി എന്തെങ്കിലും നേടിയെടുത്തതായി ആര്‍ക്കും അറിയില്ല.  ഇതിനിടെയാണ് സർക്കാർ ചെലവില്‍ തിരുവനന്തപുരത്തും ഔദ്യോഗിക ഫോണുകള്‍ നല്‍കിയിരിക്കുന്നത്.  അതില്ലാഞ്ഞിട്ടാകുമോ കാര്യങ്ങള്‍ നടക്കാതിരുന്നത് എന്നാണ് പൊതുജനത്തിന്‍റെ ചോദ്യം.  എങ്ങിനെയൊക്കെ ആയാലും പാഴ്ചിലവുകള്‍ക്ക് ഒരു കുറവും വരുത്തില്ലെന്നതാണ് സര്‍ക്കാരിന്‍റെ നയം എന്നതിന് ഒരു ഉദാഹരണം കൂടിയാണ് ഈ ഉത്തരവും.