ഗോതബായ രജപക്സ ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റ്

Jaihind News Bureau
Sunday, November 17, 2019

കൊളംബോ : ശ്രീലങ്കയിൽ നടന്ന പ്രസിഡന്‍റ്‌ തെരഞ്ഞെടുപ്പിൽ ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാർഥി ഗോതബായ രജപക്‌സെക്ക് വിജയം. മുൻ പ്രസിഡന്‍റ് മഹിന്ദ രജപക്സയുടെ സഹോദരനായ ഗോതബായ മുന്‍ പ്രതിരോധ മേധാവിയുമാണ്.

48.2 ശതമാനം വോട്ടുകള്‍ നേടിയാണ് ഗോതബായ രാജപക്സെ വിജയിച്ചത്‌. ഭരണകക്ഷിയായ യു.എൻ.പിയുടെ സ്ഥാനാർഥി സജിത്‌ പ്രേമദാസയെയാണ്‌ ഗോതബായ പരാജയപ്പെടുത്തിയത്‌. ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അണുര കുമാര ദിസനായകെയാണ് മൂന്നാം സ്ഥാനത്ത്. ശനിയാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്.

1.6 കോടിയോളം വോട്ടർമാരുള്ള ശ്രീലങ്കയിൽ 35 സ്ഥാനാർഥികളാണ്‌ മത്സരിച്ചത്‌. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 80 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിനിടെ അങ്ങിങ്ങ് അക്രമസംഭവങ്ങള്‍ നടന്നെങ്കിലും ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.