പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി. ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന ആനയോട്ടത്തിൽ ഗോപീ കണ്ണൻ ഒന്നാമനായി.
കണ്ണന്‍റെ പ്രിയരായ ചെന്താമരാക്ഷൻ, കണ്ണൻ, നന്ദൻ, ഗോപീ കണ്ണൻ, നന്ദിനി എന്നിവരാണ് നറുക്കെടുപ്പിലൂടെയെത്തി മുൻനിരയിൽ ഓടിയത്. ആനക്കോട്ടയിലെ 24 ആനകൾ ഓട്ടത്തിൽ പങ്കെടുത്തിരുന്നു. മഞ്ചുളാൽ പരിസരത്തു നിന്നും ക്ഷേത്രത്തിനകത്ത് ഓടി കയറി കൊടിമരം തൊട്ട ആനയാണ് വിജയി.
ആദ്യ അഞ്ച് ആനകളുടെ പട്ടികയിൽ നറുക്കെടുപ്പിലൂടെ പങ്കാളിയായ ഗോപീ കണ്ണൻ എട്ടാം തവണയാണ് വിജയിയായത്. മത്സരത്തിന് മുൻപായി ഓട്ടത്തിൽ പങ്കെടുക്കാനുള്ള ആനകളെ മഞ്ജുളാൽ പരിസരത്ത് അണിനിരത്തി. ശേഷം, പാരമ്പര്യഅവകാശികൾ നൽകുന്ന കുടമണികളുമായി ക്ഷേത്രത്തിൽ നിന്നും ഓടിയെത്തി മണികൾ ആനകളെ അണിയിച്ചു. മാരാർ ശംഖ് വിളിച്ചതോടെ ആനയോട്ടം ആരംഭിച്ചു. ഒന്നാമതെത്തിയ ഗോപി കണ്ണൻ ക്ഷേത്രത്തിൽ പ്രവേശിച്ചു എഴുവട്ടം പ്രദക്ഷിണം പൂർത്തിയാക്കി.
തുടർന്ന് ക്ഷേത്രോത്സവത്തിന് കൊടിയേറി. പ്രസാദ ഊട്ടിനായി മൂന്നു പന്തലുകളാണ് ഒരുക്കിയിരിക്കുന്നത്. തെക്കേ പന്തലിൽ 1200 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാവും വിധമാണ് സജ്ജീകരണങ്ങൾ. 10 ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂർ ഉത്സവം ഈ മാസം 15ന് ആറാട്ടോടെയാണ് സമാപിക്കുക.
https://www.youtube.com/watch?v=_NmOepIN2mo