നഗരത്തില്‍ ഗുണ്ടകളുടെ ആക്രമണം ; രണ്ട് പേര്‍ക്ക് വെട്ടേറ്റു ; ഓരാളുടെ നില ഗുരുതരം

Jaihind Webdesk
Tuesday, November 2, 2021

തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. കാർ ബൈക്കിലിടിച്ചു തെറിപ്പിച്ച ശേഷം രണ്ട് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതര മണിയോടെ ശ്രീകണ്ഠേശ്വരം പാർക്കിനു സമീപമായിരുന്നു സംഭവം. ബൈക്ക് യാത്രികരായിരുന്ന ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീപ്, വലിയശാല സ്വദേശി സന്തോഷ് എന്നിവരെയാണ് നാലംഗസംഘം ആക്രമിച്ചത്. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുതെറിപ്പിച്ച ശേഷം അക്രമണം നടത്തുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്നാണ് അക്രമികൾ വെട്ടിയത്. കാറിലെത്തിയവർ ഹെൽമെറ്റ് ധരിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

തലയ്ക്ക് വെട്ടേറ്റ പ്രദീപിനെയും കൈക്കും കാലിനും വെട്ടേറ്റ സന്തോഷിനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പ്രദീപിെന്റ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു. പ്രദേശത്തെ തട്ടുകടയിലേക്ക് പ്രാണരക്ഷാർഥം ഓടിക്കയറിയ ഒരാളുടെ വിരലും വെട്ടേറ്റ് അറ്റുപോയി. നാലംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് വിവരം. വഞ്ചിയൂർ സ്വദേശി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തിയതെന്ന വിവരമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. അക്രമിസംഘത്തിലുണ്ടായിരുന്നെന്ന് കരുതുന്ന പാടശേരി സ്വദേശി ബൈജുവിനെയും മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

വിഷ്ണുവും പ്രദീപും തമ്മിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. നേരത്തെ വിഷ്ണുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് പ്രദീപ്. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. അതിന്റെ വൈരാഗ്യം തീർക്കാൻ വിഷ്ണുവിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തിയതാകാം എന്നാണ് പോലീസ് കരുതുന്നത്. വിഷ്ണു സി.പി.എമ്മും പ്രദീപ് ബി.ജെ.പി. അനുഭാവിയുമാണെന്നും ഇതിനു പിന്നിൽ രാഷ്ട്രീയബന്ധമുണ്ടോയെന്ന കാര്യവും പരിശോധിക്കുകയാണ്. വഞ്ചിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് കൂടുതൽ അക്രമസംഭവങ്ങളുണ്ടാകാതിരിക്കാൻ രാത്രിയിൽ പോലീസ് പരിശോധനയും ശക്തമാക്കി. അക്രമികൾ സഞ്ചരിച്ച കാർ കണ്ടെത്താനായി വാഹനപരിശോധനയും ശക്തമാക്കി. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഉടൻ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു.