കോട്ടയം : കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുണ്ടകൾ പോലീസിനെ വെല്ലുവിളിക്കുന്ന സാഹചര്യം. സിപിഎമ്മിന്‍റെ അനധികൃത ഇടപെടൽ പോലീസിനെ നിർവീര്യമാക്കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കോട്ടയത്ത് ഗുണ്ടകൾ കൊലപ്പെടുത്തിയ ഷാനിന്‍റെ വീട് സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പോലീസിനെ വെല്ലുവിളിച്ചും പരിഹസിച്ചും സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. 19 വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി, ശവം പോലീസ് സ്‌റ്റേഷന് മുന്നിൽ കൊണ്ടിട്ടു. മകനെ തട്ടിക്കൊണ്ട് പോയെന്ന് അമ്മ വന്ന് പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല. കോട്ടയത്ത് 19 കാരനെ കൊലപ്പെടുത്തിയ ഗുണ്ട സിപിഎം പ്രവർത്തകനാണ്. അനാവശ്യ രാഷ്ട്രീയ ഇടപെടലിലൂടെ പൊലീസ് നിർജ്ജീവമായി. ആർക്കും എന്തുമാകാമെന്ന അവസ്ഥയാണ് കേരളത്തിൽ’ – വിഡി സതീശന്‍ പറഞ്ഞു.
കോവിഡ് അതിതീവ്ര വ്യാപനത്തിന്‍റെ സമയത്തും നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന രീതിയിലാണ് സിപിഎം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് ജാഗ്രത പാലിക്കണമെന്ന സർക്കാർ നിർദ്ദേശത്തെ കാറ്റിൽ പറത്തി സമ്മേളനങ്ങളുമായി സിപിഎം മുന്നോട്ട് പോവുകയാണ്. ക്വാറന്‍റൈനിൽ പോകേണ്ട സിപിഎം നേതാക്കളിൽ പലരും സമ്മേളനങ്ങളിൽ പങ്കെടുക്കുന്നു. ജനങ്ങളെ വെല്ലുവിളിച്ചാണ് സിപിഎം മുന്നോട്ട് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.