ഗൂഗിളിന്റെ ഏറ്റവും പുതിയ കാമ്പസ് ‘അനന്ത’ ബെംഗളൂരുവില്‍ ഔദ്യോഗികമായി തുറന്നു. മഹാദേവപുരയില്‍ സ്ഥിതി ചെയ്യുന്ന ഈ കാമ്പസ് ഗൂഗിളിന്റെ ലോകത്തിലെ ഏറ്റവും വലിയ കാമ്പസുകളില്‍ ഒന്നാണ്. ഇന്ത്യയിലെ ദീര്‍ഘകാല സാന്നിധ്യത്തിലെ പ്രധാന ചുവടുവയ്പ്പാണ് ഇത് എന്ന് ഗൂഗിള്‍ വിശേഷിപ്പിച്ചു. അനന്ത പ്രവര്‍ത്തനം ആരംഭിച്ചതോടെ, ബെംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം, മുംബൈ, പൂനെ എന്നിവയുള്‍പ്പെടെ ഗൂഗിളിന് ഇപ്പോള്‍ 10,000-ത്തിലധികം ജീവനക്കാരുണ്ട്.
16 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള വിശാലമായ ഓഫീസാണിത്. 5,000-ത്തിലധികം ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ ഇതിനു കഴിയും. ആന്‍ഡ്രോയിഡ്, ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ പേ, ക്ലൗഡ്, മാപ്സ്, പ്ലേ, ഡീപ്മൈന്‍ഡ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ടീമുകള്‍ ഈ പുതിയ ഓഫീസിലാണ് പ്രവര്‍ത്തിക്കുക.
ജീവനക്കാരുടെ സഹകരണം പ്രോത്സാഹിപ്പിക്കു രീതിയിലാണ് രൂപകല്‍പ്പന. അതീവ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ജോലികള്‍ക്കായി ശാന്തമായ ഇടങ്ങള്‍ ഉറപ്പാക്കിയാണ് അനന്ത നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഗൂഗിള്‍ പറയുന്നു. നാവിഗേഷന്‍ എളുപ്പമാക്കുന്ന വ്യക്തമായ പാതകള്‍ , സ്വകാര്യതയ്ക്കായി ചെറിയ ബൂത്തുകള്‍, ചര്‍ച്ചകള്‍ക്കും പരിപാടികള്‍ക്കുമായി സഭ എന്ന കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രകൃതിദത്ത വെളിച്ചവും കാഴ്ചകളും മെച്ചപ്പെടുത്തുന്നതാണ് അനന്ത.
കാഴ്ച വൈകല്യമുള്ള വ്യക്തികള്‍ക്ക് സ്പര്‍ശത്തിലൂടെ തിരിച്ചറിയാവുന്ന തറ അനന്തയിലെ പ്രത്യേകതയാണ്. നടത്തത്തിനു ജോഗിംഗുനുമായി പ്രത്യേക പാതകള്‍ എന്നിവയും കാമ്പസില്‍ ഉള്‍പ്പെടുന്നു, ജീവനക്കാര്‍ക്ക് പുറത്ത് വിശ്രമിക്കാനും അനൗപചാരിക മീറ്റിംഗുകള്‍ നടത്താനും ഇടമുണ്ട്. ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി എന്ന ബെംഗളൂരുവിന്റെ പ്രശസ്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിപുലമായ ലാന്‍ഡ്സ്‌കേപ്പിംഗ്, പ്രകൃതിയെ വര്‍ക്ക്സ്പെയ്സുമായി സംയോജിപ്പിച്ച് ശാന്തവും ക്രിയാത്മകവുമായ പരിസരവുമാണ് ഒരുക്കിയിരിക്കുന്നത്.
കൃഷി, ആരോഗ്യം, ഫിന്‍ടെക് തുടങ്ങിയ മേഖലകളില്‍ സ്വാധീനം ചെലുത്തുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റും കണ്‍ട്രി മാനേജരുമായ പ്രീതി ലോബാന പറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ ഗവേഷണ, സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കാനും വ്യത്യസ്ത കഴിവുള്ള ഇന്ത്യക്കാര്‍ ഒപ്പമുണ്ടെന്ന് ഗൂഗിള്‍ ഉറപ്പാക്കുന്നു. ലോബാന പറയുന്നു