ഇന്ത്യയിൽ 75000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു ഗൂഗിൾ

Jaihind News Bureau
Monday, July 13, 2020

ഇന്ത്യയിൽ 75000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു ഗൂഗിൾ. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണു ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അഞ്ച് മുതൽ ഏഴ് വർഷം വരെയുള്ള കാലയളവിലായിരിക്കും ഈ നിക്ഷേപം നടത്തുക. ആറാമത് ഗൂഗിൾ ഫോർ വെർച്വൽ മീറ്റിലായിരുന്നു പ്രഖ്യാപനം. ഇക്വിറ്റി ഇൻവെസ്റ്റ്മെന്‍റുകളിലൂടെയും മറ്റ് സ്ഥാപനങ്ങളോട് ചേർന്നുള്ള പദ്ധതികളിലൂടെയായിരിക്കും ഈ നിക്ഷേപം. മൂലധന നിക്ഷേപം, ഓഹരി പങ്കാളിത്തം, അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം തുടങ്ങി വിവിധ തലങ്ങളിലായാകും നിക്ഷേപം. ഇന്ത്യയുടെ ഡിജിറ്റൽ സമ്പത്ത് രംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതായിരിക്കും നിക്ഷേപം.

പത്ത് ബില്യൺ ഡോളർ നിക്ഷേപമാണ് പിച്ചൈ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ പ്രധാനമന്ത്രിയുമായി സുന്ദർ പിച്ചെ ആശയവിനിമയം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ ഗൂഗിൾ തയ്യാറെടുക്കുന്ന വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.