KOTTAYAM CAR ACCIDENT| ഗൂഗിള്‍ മാപ്പ് ചതിച്ചു; കോട്ടയത്ത് കാര്‍ തോട്ടില്‍ വീണു; ദമ്പതികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Jaihind News Bureau
Thursday, July 24, 2025

കോട്ടയം കുറുപ്പുംതറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു. കാറില്‍ ഉണ്ടായിരുന്ന ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ്, ഭാര്യ ഷീബ എന്നിവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.

കുറുപ്പന്തറ കടവ് തോട്ടിലാണ് അപകടമുണ്ടായത്. നാട്ടുകാരും സമീപത്തെ തടിമില്ലിലെ തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മാന്‍വെട്ടത്തുള്ള ജോസിയുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. റോഡില്‍ വെള്ളം നിറഞ്ഞിരുന്നതിനാല്‍ റോഡ് വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലെന്ന് ജോസി പറഞ്ഞു.

തോട്ടിലെ ആഴമേറിയ ഭാഗത്തേക്ക് കാറിന്റെ മുന്‍ഭാഗം വീഴാന്‍പോകുന്നതിനിടെ, പെട്ടെന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തിയതാണ് അപകടം ഒഴിവാകാനിടയായത്. തോട്ടിലേക്കിറങ്ങുന്ന വഴിയില്‍ കെട്ടിനിന്ന വെള്ളം, മുന്നോട്ട് നീങ്ങുന്നതിനിടെ കാറില്‍ കയറി. ഉടന്‍ കാര്‍യാത്രികര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ഒന്നരയടികൂടി മുന്നോട്ട് പോയിരുന്നെങ്കില്‍ നിറഞ്ഞൊഴുകുന്ന തോട്ടിലേക്കുവീണ് വന്‍അപകടം സംഭവിക്കുമായിരുന്നു.