മലപ്പുറത്ത് സിവില്‍ സപ്ലൈസ് ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടി രൂപയുടെ സാധനങ്ങള്‍ കാണാനില്ല; ജീവനക്കാർക്കെതിരെ കേസ്

 

മലപ്പുറം: സിവിൽ സപ്ലൈസ് ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ ഭക്ഷ്യസാധനങ്ങൾ കാണാനില്ല. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങളാണ് കാണാതായത്.

ഇന്‍റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ആണ് ക്രമക്കേട് കണ്ടത്തിയത്. ഡിപ്പോ മാനേജരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭത്തില്‍ എട്ട് ജീവനക്കാർക്ക് എതിരെ കല്‍പഞ്ചേരി പോലീസ് കേസ് എടുത്തു. താനൂർ ഡിവൈഎസ്‌പി വി.വി. ബെന്നിക്കാണ് അന്വേഷണച്ചുമതല.

സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി 8 ജീവനക്കാരെ സസ്പെൻഡ് ചെയ്‌തു. സപ്ലൈകോ കഴിഞ്ഞ ഏപ്രിലിൽ നടത്തിയ സ്‌റ്റോക്ക് വെരിഫിക്കേഷനിലാണ് അരി ഉൾപ്പെടെ 2 കോടി 78 ലക്ഷത്തി 74,579 രൂപയുടെ റേഷൻ സാധനങ്ങൾ കാണാതായതായി കണ്ടെത്തിയത്. ഈ റിപ്പോർട്ട് കൈമാറിയതിനെത്തുടർന്ന് എൻഎഫ്എസ്എ മാനേജർ, കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസിലെ സീനിയർ സൂപ്രണ്ട്, ഇന്‍റേണല്‍ ഓഡിറ്റ് സംഘം എന്നിവർ തുടർപരിശോധനകളിലുടെ ക്രമക്കേടുണ്ടായതായി ഉറപ്പിച്ചു.

വകുപ്പിലെ വിജിലൻസും ഇക്കാര്യം അന്വേഷിച്ച് കോർപറേഷൻ എംഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. രണ്ടോ മൂന്നോ വർഷം കൊണ്ടാണ് സാധനങ്ങൾ കാണാതായിട്ടുള്ളത്. കേസിന്‍റെ ഭാഗമായി ജീവനക്കാരെയും ഇവിടെനിന്നു റേഷൻ കടകളിലേക്കു സാധനങ്ങൾ എത്തിക്കുന്ന കരാറുകാരെയും ചോദ്യചെയ്യും.

*പ്രതീകാത്മക ചിത്രം
Comments (0)
Add Comment