പശ്ചിമ ബംഗാളിലെ ട്രെയിന്‍ ദുരന്തം; ഗുഡ്‌സ് ട്രെയിന്‍ പൈലറ്റിന്‍റെ പിഴവ്, അന്വേഷണ റിപ്പോർട്ട് പുറത്ത്

Jaihind Webdesk
Tuesday, June 18, 2024

 

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ട്രെയിന്‍ ദുരന്തത്തിന്‍റെ കാരണം ഗുഡ്‌സ് ട്രെയിന്‍ പൈലറ്റിന്‍റെ പിഴവാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സാധാരണ വേഗതയില്‍ ഗുഡ്‌സ് ട്രെയിനിന് പോകാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും റെയില്‍വേ. ട്രാക്കുകളിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. അതേസമയം അപകടത്തില്‍ പരുക്കേറ്റ അറുപത് പേര്‍ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അപകടത്തിന് കാരണം റെയില്‍ മന്ത്രാലയത്തിന്‍റെ കെടുകാര്യസ്ഥതയാണെന്ന വിമര്‍ശനം ശക്തമാക്കിയ പ്രതിപക്ഷം അശ്വിനി വൈഷ്ണവ് രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമാക്കുന്നുണ്ട്.

ഇന്നലെ രാവിലെ 8.50 ന് ഡാർജിലിംഗ് ജില്ലയിലെ രം​ഗാപാനിക്ക് അടുത്ത് ന്യൂ ജയ്പാൽ​ഗുരി സ്റ്റേഷൻ പിന്നിട്ട് മുന്നോട്ട് പോവുകയായിരുന്നു കാഞ്ചൻജം​ഗ എക്സ്പ്രസ്. ഇതിന് പിന്നിലേക്കാണ് ​സി​ഗ്നൽ തെറ്റിച്ച് കുതിച്ചെത്തിയ ​ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറിയത്. അപകടത്തിൽ കാഞ്ചൻജം​ഗ എക്സ്പ്രസിന്‍റെ 4 ബോ​ഗികൾ തകർന്നു. മരിച്ചവരിൽ ​ഗുഡ്സ് ട്രെയിനിന്‍റെ ലോക്കോ പൈലറ്റും, അസിസ്റ്റന്‍റും, കാഞ്ചൻജം​ഗ എക്സ്പ്രസിന്‍റെ ​ഗാർഡും ഉൾപ്പെടും. ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും, പോലീസും നാട്ടുകാരുമെല്ലാം ചേ‌ർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.  അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബം​ഗാളിലെ മന്ത്രിമാരുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും പ്രധാനമന്ത്രിയും സഹായ ധനം പ്രഖ്യാപിച്ചു.