യേശു ക്രിസ്തുവിന്‍റെ പീഢാനുഭവത്തിന്‍റെയും കുരിശു മരണത്തിന്‍റെയും സ്മരണ; ഇന്ന് ദുഃഖവെള്ളി

Jaihind Webdesk
Friday, March 29, 2024

യേശു ക്രിസ്തുവിന്‍റെ പീഢാനുഭവത്തിന്‍റെയും കുരിശു മരണത്തിന്‍റെയും സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുകയാണ്. ദേവാലയങ്ങളില്‍ പീഢാനുഭവ ചരിത്ര വായനയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടാവും.

സ്‌നേഹിതനു വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന സന്ദേശം പെസഹാ ദിനത്തില്‍ നല്‍കിയാണ് യേശുക്രിസ്തു കുരിശു മരണം വരിച്ചത്. സ്‌നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും ഓര്‍മ്മകള്‍ നിറയ്ക്കുന്ന ദിനം കൂടിയാണ് ദുഃഖവെള്ളി. കാല്‍വരി യാത്രയെ അനുസ്മരിക്കുന്ന കുരിശിന്‍റെ വഴിയും പ്രാര്‍ത്ഥനകളുമാണ് ദേവാലയങ്ങളിലെ പ്രധാന ചടങ്ങുകള്‍.

യേശുവിന്‍റെ പീഢാനുഭവ വഴികളിലെ സംഭവങ്ങള്‍ അനുസ്മരിച്ച് കൊണ്ടുള്ള കുരിശിന്‍റെ വഴിയും സ്ലീബ വന്ദനവുമാണ് ഇതില്‍ പ്രധാനം. പതിനാല് സ്ഥലങ്ങളായി തിരിച്ചാണ് കുരിശിന്‍റെ വഴി പൂര്‍ത്തിയാവുക. യേശു കുരിശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം ഗാഗുല്‍ത്താമലയിലേക്ക് കുരിശ് വഹിച്ചുകൊണ്ടു നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്. വയനാട് ചുരത്തിലൂടെയുള്ള കുരിശിന്‍റെ വഴി ഏറെ പ്രശസ്തമാണ്. വെളുപ്പ്, കറുപ്പ് വസ്ത്രങ്ങള്‍ ധരിച്ച് കുരിശും ചുമന്നാണ് വിശ്വാസികള്‍ കുരിശിന്‍റെ വഴിയില്‍ പങ്കെടുക്കുന്നത്. ലോകത്തിന്‍റെ രക്ഷയ്ക്കായി സ്വന്തം ജീവന്‍ തന്നെ ബലി നല്‍കിയ ക്രിസ്തുവിന്‍റെ അതിരറ്റ സ്‌നേഹത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുമായാണ് ദുഖവെള്ളി കടന്നു പോകുന്നത്.