ദുബായ് : താര ദമ്പതികളായ ഫഹദ് ഫാസിലിനും നസ്റിയ നാസിമിനും യുഎഇ ഗവണ്‍മെന്‍റിന്‍റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇതാദ്യമായാണ് മലയാള സിനിമ മേഖലയില്‍ നിന്നും താര ദമ്പതികള്‍ക്ക് ഒന്നിച്ച് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. ദുബായ് നല്‍കിയ ഈ അംഗീകാരത്തിന് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് താരങ്ങള്‍ നന്ദി അറിയിച്ചു. നസ്‌റിയ യുഎഇയിലെ മുന്‍ പ്രവാസി കൂടിയായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം നേരത്തെ യുഎഇയിലായിരുന്നു. അതിനാല്‍ ഈ അംഗീകാരത്തിന് ഇരട്ടി മധുരമുണ്ടെന്നും ഇവര്‍ പറഞ്ഞു.
ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച്, വിസാ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ഇസിഎച്ച് കമ്പനി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് യുഎഇ നല്‍കി വരുന്ന പത്ത് വര്‍ഷ താമസവിസയാണ് ഗോള്‍ഡന്‍ വിസ. യുഎഇ സ്വദേശി അബ്ദുല്ല ഫലാസി, ദുബായ് ടിവി ഡയറക്ടര്‍ അഹമ്മദ്, പിഎം അബ്ദുറഹ്മാന്‍, ഫാരിസ് ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.