
കേരള സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ മികച്ച അത്ലീറ്റുകള്‍ക്കുള്ള യു. എച്ച്. സിദ്ദിഖ് മെമ്മോറിയല്‍ അവാര്‍ഡ് ജെ. നിവേദ് കൃഷ്ണയ്ക്കും പി ടി ബേബി മെമ്മോറിയല്‍ അവാര്‍ഡ് ആദിത്യ അജിക്കും. 5000 രൂപയും ട്രോഫിയുമാണ് അവാര്‍ഡ്. കേരള സ്‌കൂള്‍ കായികമേളയുടെ സമാപന ദിവസം നടന്ന പ്രത്യേക ചടങ്ങില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ഗോള്‍ കീപ്പറും പരിശീലകനുമായ ഒളിമ്പ്യന്‍ പി. ആര്‍. ശ്രീജേഷ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ചാമ്പ്യനായ നിവേദ് 200 മീറ്ററില്‍ മീറ്റ് റെക്കോഡോടെയാണ് ഒന്നാമതെത്തിയത്. പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ നിവേദ് മീറ്റില്‍ ഇരട്ട സ്വര്‍ണമാണ് നേടിയത്. സീനിയര്‍ പെണ്‍കുട്ടികളില്‍ ആദിത്യ ട്രിപ്പിള്‍ സ്വര്‍ണം നേടിയിരുന്നു. 100, 200, 100 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിങ്ങനെയുള്ള ഇനങ്ങളിലൂടെയാണ് ആദിത്യ ഹാട്രിക് സ്വര്‍ണം നേടിയത്. 4×100 മീറ്റര്‍ റിലേയില്‍ പൊന്നണിഞ്ഞ മലപ്പുറം ടീമിലും ആദിത്യ ഉണ്ടായിരുന്നു. മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ പ്ലസ്ടുക്കാരിയാണ് ആദിത്യ.

കൊമ്പന്‍സ് എഫ്സി ഡയറക്ടര്‍ ആര്‍. അനില്‍ കുമാര്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. എന്‍ രഘുചന്ദ്രന്‍ നായര്‍, മലയാള മനോരമ സ്പോര്‍ട്സ് എഡിറ്റര്‍ സുനീഷ് തോമസ് എന്നിവര്‍ സംസാരിച്ചു. പരിശീലകരായ പി. ഐ. ബാബു, ഡോ. ജിമ്മി ജോസഫ്, സ്പോര്‍ട്സ് ലേഖകന്‍ ജോമിച്ചന്‍ ജോസ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ദേശീയ, അന്തര്‍ദേശീയ കായികമേളകളില്‍ നിറസാന്നിധ്യമായിരുന്ന മാതൃഭൂമി സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പി. ടി. ബേബിയുടെയും സുപ്രഭാതം റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ദിഖിന്റെയും സ്മരണാര്‍ഥമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.