കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; ദമ്പതികളില്‍ നിന്ന് പിടികൂടിയത് മൂന്നര കോടിയുടെ സ്വര്‍ണ്ണം

 

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ കോടികളുടെ സ്വർണ്ണവേട്ട. 7 കിലോയിലധികം സ്വർണ്ണ മിശ്രിതം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പെരിന്തൽമണ്ണ സ്വദേശികളായ ദമ്പതികൾ പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയതിൽ ഏറ്റവും ഉയർന്ന അളവിലുള്ള സ്വർണ്ണം ആണിത്.

പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദു സമദ്, ഭാര്യ സഫ്ന അബ്ദുൽ സമദ് എന്നിവരെയാണ് കരിപ്പൂർ എയർപോർട്ട് ഇന്‍റലിജൻസ് പിടികൂടിയത്. ഇരുവരും ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലും, വസ്ത്രത്തിന് ഉള്ളിലും, കാലിൽ സോക്സുകൾക്ക് ഉള്ളിലും പാക്കറ്റുകളിലാക്കി സ്വർണ്ണ മിശ്രിതം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

സഫ്‌ന 3,642 ഗ്രാം സ്വർണ്ണ മിശ്രിതവും സമദ് 3,672 ഗ്രാം സ്വർണ്ണ മിശ്രിതവും ആണ് ശരീരത്തിൽ ഒളിപ്പിച്ചത്. മിശ്രിത രൂപത്തിൽ ഉള്ള സ്വർണ്ണം വേർതിരിച്ചപ്പോൾ 6 കിലോ 240 ഗ്രാം സ്വർണ്ണം ആണ് ലഭിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയതിൽ ഏറ്റവും ഉയർന്ന അളവിൽ ഉള്ള സ്വർണ്ണം ആണിത്. 3 കോടി 27 ലക്ഷത്തി 91,200 രൂപയോളം വരും ഇതിന്‍റെ വിപണി മൂല്യം. ദുബായിൽ നിന്നാണ് ഇരുവരും എത്തിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

Comments (0)
Add Comment