ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ഉന്നതരിലേക്കും അന്വേഷണം. 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി. ഗൂഡാലോചനയിലും കൊള്ളയിലും പങ്കാളികളാണ് എന്നാണ് കണ്ടെത്തല്‍. ഇവരുടെ അറിവോടെയാണ് ഇത്രയും വലിയ കളവ് നടന്നതെന്ന് വ്യക്തമായതോടെ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വാദം പൊളിയുകയാണ്. എ.പദ്മകുമാര്‍ പ്രസിഡന്റായ ശങ്കര്‍ദാസ്, രാഘവന്‍ എന്നിവര്‍ അംഗങ്ങളായ 2019 ലെ ഭരണസമിതിയെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്.
ഏറെ വൈകിയാണ് ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആദ്യ കേസ് എന്ന നടപടി ഇന്നലെയെടുത്തത്. രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ദ്വാരപാലക ശില്പം കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം 10 പേര്‍ക്കെതിരെ കേസെടുത്തതായിരുന്നു ഒരു എഫ്‌ഐആര്‍. രണ്ടാമതായി, ശ്രീകോവിലിന്റെ കട്ടിള കൊണ്ടുപോയി സ്വര്‍ണം കടത്തിയ പേരിലായിരുന്നു. അതില്‍ 8 പേരായിരുന്നു പ്രതികള്‍. ഇവരില്‍ എട്ടാമത്തെ പ്രതിയായി 2019 ലെ ഭരണസമിതി അംഗങ്ങളെയാണ് പ്രതിചേര്‍ത്തത്. ദേവസ്വം ബോര്‍ഡിന് നഷ്ടം വരുന്ന വിധത്തില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഗൂഡാലോചനയിലും മറ്റും അകമഴിഞ്ഞ് സഹായിച്ച ഭരണസമിതി അംഗങ്ങളെ പ്രതിചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ, 2019 ലെ എ.പദ്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് കൃത്യമായ പങ്ക് സ്വര്‍ണക്കൊള്ളയിലുണ്ടെന്നാണ് കണ്ടെത്തല്‍. ഇതോടെ, ആരോപണങ്ങള്‍ നിരസിച്ച, മൗനത്തിലായിരുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതിക്കൂട്ടിലാവുകയാണ്.