സ്വർണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രി പറയുന്ന കള്ളങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു ; അന്വേഷണം ശരിയായ ദിശയിലല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

 

തിരുവനന്തപുരം : സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഓരോ ദിവസവും പറയുന്ന കള്ളങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസിലെ രണ്ടാം പ്രതി സ്വപ്‌നയുടെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത് തികച്ചും സത്യവിരുദ്ധമാണെന്ന് തെളിയിക്കുന്നതാണ് ചീഫ് സെക്രട്ടറിതല സമിതിയുടെ കണ്ടെത്തല്‍.സ്വപ്നയെ ഐ.ടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്ക് ഓപ്പറേഷന്‍സ് മാനേജരായി നിയമിച്ചത് എം ശിവശങ്കര്‍ ആണെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കണ്‍സള്‍ട്ടിംഗ് കമ്പനിയാണ് നിയമനം നടത്തിയതെന്നും ഇതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയടക്കമുള്ള സി.പി.എം നേതാക്കളുടെ വാദം. എന്നാല്‍ മുഖ്യമന്ത്രി തന്നെ നിയമിച്ച ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടോടെ ഈ വാദം കള്ളമെന്ന് തെളിഞ്ഞു. സ്വര്‍ണ്ണകള്ളക്കടത്ത് പ്രതികളുമായി അടുത്തബന്ധം സൂക്ഷിച്ച മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെഅവസാനം വരെയും സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഗത്യന്തരമില്ലാതായതോടെയാണ് ശിവശങ്കറിനെതിരെ നടപടിക്ക് മുഖ്യമന്ത്രി തയാറായത്. രാജ്യദ്രോഹ കുറ്റം ചെയ്തവരെ സഹായിച്ച വ്യക്തിയെ സംരക്ഷിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്നും മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ച് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താസമ്മേളനം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ ആവര്‍ത്തനം മാത്രമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കൊണ്ട് സംഭവിച്ച വീഴ്ചകള്‍ ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ പരാജയം കൂടിയാണെന്ന് പാര്‍ട്ടി സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തിലൂടെ ജനത്തിന് വീണ്ടും ബോധ്യപ്പെട്ടു. ഇന്‍റലിജന്‍സ് വീഴ്ച  ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ വീഴ്ച തന്നെയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എന്‍.ഐ.എയുടേയും കസ്റ്റംസിന്‍റേയും അന്വഷണങ്ങള്‍ ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്‍റെ ഓഫീസിനേയും പൂര്‍ണ്ണമായി രക്ഷിച്ചെടുക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെ കേരളവും കേന്ദ്രവും അറിയാതെ രക്ഷപ്പെട്ടുയെന്നത് രണ്ടു സര്‍ക്കാരുകളുടേയും ഗുരുതരമായ വീഴ്ചയാണ്. ഇന്‍റലിജന്‍സ് സംവിധാനം ശക്തമായിരുന്നു എങ്കില്‍ അദ്ദേഹം നിരീക്ഷണത്തിന് വിധേയമാകുമായിരുന്നു. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് മാത്രമാണ് മുഖ്യമന്ത്രിയെ സഹായിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമത്തെ തിരിച്ചറിയാന്‍ സാധിക്കാതെ പോയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പരിഹസിച്ചു.

Comments (0)
Add Comment