‘വ്യാജപ്രചാരണങ്ങള്‍ ശിവശങ്കരനെ രക്ഷിക്കാനല്ല, പിണറായിക്കു വേണ്ടി’; മുഖ്യമന്ത്രി തടിതപ്പാമെന്ന് കരുതേണ്ടെന്ന് ഷാഫി പറമ്പില്‍

Jaihind News Bureau
Wednesday, July 8, 2020

 

സ്വര്‍ണ്ണക്കടത്ത് കേസ് ചര്‍ച്ചയായതിനുപിന്നാലെ സിപിഎം സൈബറിടങ്ങളില്‍ നിന്നും വരുന്ന വ്യാജ പ്രചാരണങ്ങള്‍ ശിവശങ്കരനെ രക്ഷിക്കാനല്ല, പിണറായി വിജയനെ രക്ഷിക്കാനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം ശിവശങ്കരനില്‍ മാത്രം ഒതുങ്ങില്ലെന്നും മുഖ്യമന്ത്രി തടിതപ്പാമെന്ന് കരുതേണ്ടെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഒക്ടോബർ 20 ന് UAE കോൺസുലേറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയല്ല, പിണറായി വിജയനാണെന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല, കോൺസുലേറ്റിൽ സ്വപ്നയ്ക്ക് നിയമനം നല്കിയത് ഉമ്മൻ ചാണ്ടിയാണെന്ന് പ്രചരിപ്പിക്കുന്നത്. തമ്പാനൂർ രവിക്ക് സ്വപ്നയെന്ന പേരിൽ ഒരു മരുമകൾ ഇല്ലായെന്ന്, വ്യാജ പ്രചരണം നടത്തുന്നവർക്ക് നല്ല ബോധ്യമുണ്ട്.

പാണക്കാട് ഹൈദരലി തങ്ങൾ ഉൾപ്പെടെയുള്ളവർ നിൽക്കുന്ന ഫോട്ടോയിൽ നിൽക്കുന്ന വനിത സ്വപ്നയല്ല എന്നതും അവർക്കറിയാം. ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം പങ്കെടുത്ത KSU നേതാവ് സച്ചിൻ്റെ കല്യാണ ഫോട്ടോ
സരിത് കുമാറിൻ്റേതാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നവർക്കും വസ്തുതകൾ അറിയാത്തവരല്ല.

ഇതെല്ലാം അറിഞ്ഞിട്ടും വ്യാജ നിർമ്മിതികൾ ന്യായീകരണ തൊഴിലാളികൾ ചമക്കുന്നതിൻ്റെ കാരണം വളരെ വ്യക്തമാണ്. സംരക്ഷിക്കാനുള്ളത് ശിവശങ്കരനെയല്ലാ , പിണറായി വിജയനെ തന്നെയാണ്. അതു കൊണ്ട് തന്നെയാണ് ഒരു ദിവസം കൊണ്ട് ഇത്രയധികം വ്യാജ പ്രചരണങ്ങൾ അവർ നടത്തിയത്. ഒരു ശിവശങ്കരന് വേണ്ടി ഇത്രയധികം ഫേക്ക് പോസ്റ്റുകൾ ഉണ്ടാക്കേണ്ട ആവശ്യം സി.പിഎമ്മിനില്ല.

100 കോടിയുടെ സ്വർണ്ണം, ഡിപ്ലോമാറ്റിക്ക് ചാനൽ വഴി കടത്തിയിട്ടുണ്ട് എന്ന് സരിത് തന്നെ പറയുന്നു. അതിന് നേതൃത്വം നൽകിയ ഒരാളെ സർക്കാർ ഐഡൻ്റിറ്റി കാർഡും കൊടുത്ത് , മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉന്നതരേയും ഉപയോഗിച്ച് കള്ളക്കടത്ത് പാർസൽ തുറന്ന് നോക്കാൻ പോലും പാടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് പറയിപ്പിക്കുന്ന അവസ്ഥയിലേക്ക് തന്നെ വളർന്ന ഒരു രാജ്യ വിരുദ്ധ പ്രവർത്തനത്തിൻ്റെ ഉത്തരവാദിത്തം ശിവശങ്കരനിൽ മാത്രം ഒതുങ്ങുന്നതല്ല. അത് കൊണ്ട് തടി തപ്പാമെന്ന് മുഖ്യമന്ത്രി കരുതണ്ട.

സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാൽ സമ്പർക്ക പട്ടികയിൽ മുഖ്യൻ്റെ ഓഫീസും കാണും. തെറ്റ് ചെയ്തിട്ടില്ലായെന്ന് മുഖ്യമന്ത്രി സ്വന്തമായി പറഞ്ഞാൽ പോരാ. സ്പ്രിംഗ്ളർ ഇടപാടിലും, ബെവ് ക്യു കരാറിലും, പമ്പയിലെ മണലൂറ്റിലുമടക്കം മുഖ്യമന്ത്രി ആദ്യം പറഞ്ഞ നിലപാടും യാഥാർത്ഥ്യവും തമ്മിൽ വൈരുദ്ധ്യമുണ്ടായിരുന്നു. അതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായി സ്വപ്നയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ, ഈ രാജ്യദ്രോഹ കേസിൽ സമഗ്രമായ CBl അന്വേഷണം യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെടുന്നു.

 

https://www.facebook.com/shafiparambilmla/posts/3214854398551504