സ്വർണ്ണക്കടത്ത് അന്വേഷണം കോടിയേരിയുടെ മകന്‍റെ സുഹൃത്തിലേക്ക് ; ലഹരിമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷും ആത്മസുഹൃത്തുക്കള്‍

Jaihind News Bureau
Wednesday, September 2, 2020

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ സുഹൃത്തും ബംഗളുരു ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദിലേക്കും. തിരുവനന്തപുരത്തെ വിസ സ്റ്റാമ്പിംഗ് സെന്‍ററുകൾക്ക് കരാർ ലഭിച്ചത് അന്വേഷിക്കും. വിസ സ്റ്റാമ്പിംഗിന് കരാർ ലഭിച്ചത് അനൂപിന്‍റെ ബിസിനസ് പങ്കാളിയുടെ സ്ഥാപനത്തിനെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു.

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന്‍റെ വിസ സ്റ്റാമ്പിംഗ് ഏജൻസിയുടെ കരാറും നടത്തിപ്പും സംബന്ധിച്ച വിവരങ്ങൾ സ്വർണ്ണക്കടത്ത് കേസ് അന്വേഷണ സംഘം അന്വേഷിക്കാൻ ഒരുങ്ങുന്നു. സംസ്ഥാനത്തെ രണ്ട് മുൻ നിര സ്ഥാപനങ്ങൾ താത്പര്യം അറിയിച്ചിട്ടും അവരെ ഒഴിവാക്കി യു.എ.എഫ്.എക്സ് സൊലൂഷ്യൻസ്, ഫോർത്ത് ഫോഴ്സ് എന്നീ ഏജൻസികൾക്ക് കരാർ ലഭിച്ചതിന് പിന്നിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്‍റെ ഇടപെടൽ ഉണ്ടോ എന്നാണ് ഇ.ഡിയും എൻ.ഐ.എ യും അന്വേഷിക്കുക. ബംഗളുരു ലഹരിമരുന്ന് കേസിൽ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് ബിസിനസ് പങ്കാളിയുടെ ഇടപെടൽ കാരണമാണ് വിസ സ്റ്റാമ്പിംഗ് കരാർ കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് ലഭിക്കാതെ പോയതെന്നാണ് നിഗമനം.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  മകൻ ബിനീഷ് കോടിയേരിയുടെ ആത്മസുഹൃത്താണ് അനൂപ്. അനൂപിന്‍റെ ബിസിനസ് പങ്കാളിയും സ്വപ്നയുമായുള്ള ബന്ധത്തിന് തെളിവ് ലഭിച്ചാൽ അന്വേഷണം പുതിയ തലത്തിലേക്ക് മാറുമെന്നുറപ്പാണ്. കേരളമടക്കം 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും യു.എ.ഇയിലേക്ക് പോകുന്നവരുടെ വിസ സ്റ്റാമ്പിംഗ് ആണ് ഇവിടെ നടക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ബംഗളുരുവിലെത്തിയതിന് പിന്നിൽ അനൂപ് ഉൾപ്പെടെയുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതും സംശയകരമാണ്. മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും തമ്മിൽ അടുത്ത ബന്ധം സൂചിപ്പിക്കുന്ന തെളിവുകൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. അനൂപിനെ ചോദ്യം ചെയ്യുന്നതിലൂടെ ഭരണപക്ഷത്തെ പല പ്രമുഖരുടെയും പേരുവിവരങ്ങൾ പുറത്തുവരുമോ എന്ന ഭീതിയിലാണ് സി.പി.എം ഇപ്പോൾ.