സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിയും സർക്കാരും പ്രതിക്കൂട്ടില്‍; പ്രതികരിക്കാതെ ഇടതുനേതാക്കള്‍, സിപിഎം സൈബറിടങ്ങളും നിശബ്ദം

Jaihind News Bureau
Tuesday, July 7, 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷ്  സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയാണെന്നു വന്നതോടെ സർക്കാർ കൂടുതല്‍ പ്രതിസന്ധിയില്‍.  മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയായ ഐടി വകുപ്പ് സെക്രട്ടറി എം.ശിവശങ്കരനുമായി  കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്‍റെ ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങളും പുറത്തുവന്നതോടെയാണ് സർക്കാർ പ്രതിക്കൂട്ടിലായത്.

സ്വപ്‌നയുടെ നിയമനത്തെക്കുറിച്ച് കൃത്യമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയും തയാറായിരുന്നില്ല. സിപിഎമ്മിന്‍റേയും എല്‍ഡിഎഫിന്‍റേയും നേതാക്കളും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയില്ല. സമൂഹമാധ്യമങ്ങളിലും നേതാക്കളുടെ പ്രതികരണമുണ്ടായില്ല. ചാനല്‍ ചര്‍ച്ചകളില്‍ നിന്നും നേതാക്കള്‍ വിട്ടുനില്‍ക്കുകയാണ്.

കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തില്‍  ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരാളെ എങ്ങനെ ഐ.ടി വകുപ്പില്‍ നിയമിച്ചു എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. സ്വന്തം വകുപ്പിലെ ഇത്തരമൊരു നിയമനം അറിവില്ലാതെ എങ്ങനെ നടന്നു എന്ന ചോദ്യത്തിന് പോലും മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ആകുന്നില്ല എന്നത് വകുപ്പിലെ പിടിപ്പുകേട് വ്യക്തമാക്കുന്നതാണ്.

അതേസമയം സ്വർണ്ണക്കടത്ത് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എം.ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റി നിർത്തിയേക്കുമെന്നും സൂചനയുണ്ട്.  സ്വർണകടത്തിൽ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.