സ്വർണ്ണക്കടത്ത്: ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ്

Saturday, July 3, 2021

കണ്ണൂർ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട്  ഷാഫിക്ക് കസ്റ്റംസ് നോട്ടീസയച്ചു. സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് സംഘം പരിശോധന നടത്തിയതിന് പിന്നാലെയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. ടിപി കേസിലെ മറ്റൊരു പ്രതി കൊടി സുനിയുടെ വീട്ടിലും കസ്റ്റംസ് സംഘം എത്തി.

സ്വർണ്ണം തട്ടിയെടുക്കാൻ ടിപി വധക്കേസ് പ്രതികൾ സഹായിച്ചെന്ന് അർജുൻ ആയങ്കി മൊഴി നൽകിയിരുന്നു. ലാഭ വിഹിതം പ്രതികള്‍ നിര്‍ദേശിക്കുന്നവര്‍ക്ക് നല്‍കിയിരുന്നുവെന്നും ആയങ്കി കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. ഒളിവില്‍ പോകാനും ടിപി കേസ് പ്രതികള്‍ സഹായിച്ചെന്ന് അര്‍ജുന്‍റെ മൊഴിയിലുണ്ട്.

അർജുനെ കണ്ണൂരിലെത്തിച്ച് തെളിവെടുത്തു. മൊബൈൽ ഫോൺ ഉപേക്ഷിച്ച പുഴയിലും അർജുന്‍റെ വീട്ടിലും തെളിവെടുപ്പ് നടത്തി. ഷാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നോട്ടീസ് നൽകിയത്. ഷാഫി പരോളിലാണ്. പരിശോധനയ്ക്കായി ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ വീട്ടിലും കസ്റ്റംസ് സംഘം എത്തിയിരുന്നു. എന്നാല്‍ വീട് പൂട്ടിക്കിടന്നതുകാരണം സംഘം മടങ്ങുകയായിരുന്നു.