സ്വര്‍ണ്ണക്കടത്ത്: സ്വപ്നയുടെ മൊഴി ചോര്‍ന്നതില്‍ വിവാദം; കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

Jaihind News Bureau
Sunday, August 30, 2020

 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്‍റെ മൊഴി ചോര്‍ന്നത് വിവാദത്തിന് കാരണമാകുന്നു. മൊഴി ചോര്‍ന്നത് സംബന്ധിച്ച്‌ കസ്റ്റംസ് ഉന്നത കേന്ദ്രങ്ങള്‍ അന്വേഷണം ആരംഭിച്ചു.  സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിരവധി പേജുകളുള്ള സ്വപ്നയുടെ മൊഴിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോര്‍ന്നതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. മൊഴിയിലെ ചില ഭാഗങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉത്തരവാദികളായവരെ ഉടന്‍ കണ്ടെത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരും നല്‍കിയിരിക്കുന്ന നിര്‍ദേശം.

കസ്റ്റംസിലെ ഇടത് ആഭിമുഖ്യമുള്ളവരാണ് മൊഴി ചോര്‍ന്നതിന് പിന്നിലെന്ന നിഗമനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങളില്‍ പ്രതിരോധത്തിലായിരുന്ന സിപിഎം അനില്‍ നമ്പ്യാരുടെ ചോദ്യം ചെയ്യല്‍ ഉപയോഗിച്ച ബിജെപിയുടെ കടന്നാക്രമിക്കുകയാണ്. ജനം ടിവിയെ തന്നെ തള്ളിപ്പറഞ്ഞ ബിജെപി നിലപാടിനെ അടക്കം പരിഹസിച്ചാണ് വിമര്‍ശനം. ഇത് ബി.ജെ.പിയെ കൂടുതൽ പ്രതിരോധത്തിലാക്കുമ്പോഴാണ് കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

വിമാനത്താവളത്തിലെ നയതന്ത്രബാഗില്‍ സ്വര്‍ണം കണ്ടെത്തിയ ദിവസം രണ്ട് തവണയാണ് സ്വപ്നയും അനില്‍ നമ്പ്യാരും ഫോണില്‍ സംസാരിച്ചത്. നയതന്ത്രബാഗില്‍ സ്വര്‍ണം കണ്ടെത്തിയാല്‍ ഗുരുതരപ്രശ്നമാകും എന്നതിനാല്‍ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച്‌ കോണ്‍സുല‍ര്‍ ജനറലിന് കത്ത് നല്‍കാന്‍ തന്നോട് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിൽ വ്യക്തമാക്കുന്നു. മൊഴി ചോർന്നതിനെ കുറിച്ച് പെട്ടെന്ന് തന്നെ റിപ്പോർട്ട് നൽകാനാണ് കസ്റ്റംസിന് ലഭിച്ച നിർദേശം.