സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കസ്റ്റംസിനെ വിളിച്ചിരുന്നു; ശിവശങ്കറിനെ ഉടന്‍ ചോദ്യം ചെയ്തേക്കും

Jaihind News Bureau
Monday, July 13, 2020

 

തിരുവനന്തപുരം : വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായേക്കുമെന്ന് സൂചന. വിമാനത്താവളത്തിലെ ബാഗേജ് പരിശോധന തടയാന്‍ കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണറെ മൂന്ന് തവണ വിളിച്ചതായി കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. ആദ്യ കോള്‍ മൂന്നര മിനിറ്റ് ആയിരുന്നെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.

ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഉടന്‍ അനുമതി തേടുമെന്നും ഫോണ്‍ കോളുകളെ കുറിച്ച് കൃത്യമായ മറുപടി ഇല്ലെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നുമാണ് സൂചന. രണ്ട് ദിവസമായി ശിവശങ്കറിന്‍റെ വീട്ടില്‍ നടന്ന റെയ്ഡില്‍ നിര്‍ണായക വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്. ശിവശങ്കറിന്‍റെ ഫോണ്‍ കോളുകളും സി.സി ടി.വി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളാകും. ഈ സാഹചര്യത്തില്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നിര്‍ണായക നടപടികളിലേക്ക് സര്‍ക്കാര്‍ ഇന്ന് തന്നെ നീങ്ങുമെന്നാണ് സൂചന.