സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്നു ; ശിവശങ്കറിന്‍റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ഇഡി

Jaihind News Bureau
Saturday, March 20, 2021

ന്യൂഡൽഹി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും സംസ്ഥാന സർക്കാരിനും എതിരെ സുപ്രീം കോടതിയിൽ ഇഡി. സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ എം ശിവശങ്കർ ശ്രമിക്കുന്നുവെന്ന് എന്‍ഫോഴ്സ്മെന്‍റ്. ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയില്‍ അപേക്ഷ നല്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇ ഡി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇഡി സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പ്രധാനമായും പറയുന്നത്. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വ്യാജ മൊഴികള്‍ നല്‍കി അന്വേഷണ ഉദ്യോഗസ്ഥരെ സിവില്‍ പോലീസ് ഉദ്യോഗസ്ഥ ഭീഷണി പെടുത്തുകയാണെന്നും എന്‍ഫോഴ്സ്മെന്‍റ്  ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന സന്ദീപ് നായരുടെ ആരോപണവും എന്‍ഫോഴ്സ്മെന്‍റ് തള്ളി.