സ്വർണ്ണക്കടത്ത്: കസ്റ്റംസ് ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ ഇല്ലെന്ന് പൊലീസ്; ഉള്ളത് ഒരു മാസത്തേത് മാത്രം

Jaihind News Bureau
Friday, July 10, 2020

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ ഇല്ലെന്ന് പൊലീസ്. കസ്റ്റംസ് ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട കാർഗോ കോംപ്ലക്സ് പരിസരത്ത് വിമാനത്താവളത്തില്‍ ക്യാമറയില്ലെന്നാണ് പൊലീസ് പറയുന്നത്. ആവശ്യമുള്ള സ്ഥലത്ത് നിന്ന് അര കിലോമീറ്റർ അകലെ മുതലാണ് ക്യാമറയുള്ളത്.

മൂന്ന് മാസത്തെ ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു മാസത്തെ ദൃശ്യങ്ങള്‍ മാത്രമേ ശേഖരിക്കാറുള്ളൂ എന്നാണ് പൊലീസ് മറുപടി. ജനുവരി മുതലുള്ള മൂന്ന് മാസത്തിനിടയിലെ ആറ് പ്രത്യേക ദിവസത്തെ ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കേസുമായി ബന്ധപ്പെട്ട ഉന്നതരെ കണ്ടെത്താനുള്ള നീക്കത്തിനാണ് തിരിച്ചടിയായിരിക്കുന്നത്.

സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കടത്തിന്‍റെ മുഖ്യ സൂത്രധാരയായ സ്വപ്നാ സുരേഷിനെ ഐ.ടി വകുപ്പിലെ ജോലിയില്‍ നിന്നും ഇവരുമായി അടുത്ത ബന്ധമുള്ള എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കേണ്ടിവന്നിരുന്നു. ഓരോ ദിവസവും കൂടുതല്‍ സി.പി.എം ഉന്നതരുമായുള്ള സ്വപ്നയുടെ ബന്ധം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.