സ്വർണ്ണക്കടത്ത് കേസ് മുഖ്യമന്ത്രിയിലേക്ക്; ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്നാ സുരേഷ്

കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്നാ സുരേഷ്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി.എം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ.ടി ജലീൽഎന്നിവരുടെയെല്ലാം പങ്കിനെക്കുറിച്ച് രഹസ്യമൊഴി നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

2016 ൽ മുഖ്യമന്ത്രി ദുബായിൽ പോയപ്പോഴാണ് ആദ്യമായി ശിവശങ്കർ തന്നെ സഹായത്തിനായി വിളിച്ചത്. 2016 ൽ മുഖ്യമന്ത്രി ദുബായിലേക്ക് പോയപ്പോൾ മറന്നുവെച്ച ബാഗ് ശിവശങ്കറിന്‍റെ ആവശ്യപ്രകാരം കോണ്‍സുലേറ്റ് ഇടപെട്ടാണ് ദുബായിൽ എത്തിച്ചത്. ഇതിൽ കറന്‍സിയായിരുന്നു. ബിരിയാണി വെസൽസ് ശിവശങ്കറിന്‍റെ നേതൃത്വത്തിൽ കൊണ്ടുവന്നിട്ടുണ്ട്.

”മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രൊട്ടോകോൾ പരിശോധിക്കുന്നതിനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് വിളിച്ചത്. പിന്നീട് മുഖ്യമന്ത്രി ഒരു ബാഗ് മറന്നുവെച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ അറിയിച്ചു. ആ ബാഗ് കോൺസുലേറ്റിന്‍റെ ഉദ്യോഗസ്ഥർ കൊണ്ടുവന്നപ്പോൾ അതിൽ കറൻസി ആണെന്ന് മനസിലായി. ജവഹർ നഗറിലെ കോൺസുലേറ്റ് ജനറലിന്‍റെ ഓഫീസിൽനിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി പാത്രങ്ങൾ ശിവശങ്കറിന്‍റെ നിർദേശ പ്രകാരം എത്തിച്ചിട്ടുണ്ട്. ഇതിൽ ബിരിയാണി മാത്രമല്ല, ഭാരമുള്ള നിരവധി വസ്തുക്കളും ഉണ്ടായിരുന്നു. സമയമാകുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തും.’– സ്വപ്നാ സുരേഷ് പറഞ്ഞു.

മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ ഇവരുടെ പങ്ക് അന്വേഷിക്കണം.  കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും ജീവന് ഭീഷണിയുണ്ടെന്നും കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment