സ്വർണ്ണകള്ളക്കടത്ത് കേസിൽ കേരള പൊലീസും എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind News Bureau
Saturday, July 11, 2020

തിരുവനന്തപുരം:സ്വർണ്ണകള്ളക്കടത്ത് കേസിൽ കേരള പൊലീസും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം ഡിജിപി ലോക്നാഥ് ബെഹറയ്ക്ക് കത്ത് നല്‍കി. കേസില്‍ എൻഐഎ, എഫ് ഐ ആർ ഇട്ടുകൊണ്ട് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അവരുടെ അന്വേഷണ പരിധിയിൽ സ്വർണ്ണകള്ളക്കടത്തും, അതുമായി ബന്ധപ്പെട്ട ഭീകരവാദവും അടങ്ങുന്ന രാജ്യദ്രോഹ കുറ്റവുമാണ് അടങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരള സർക്കാരിന്‍റെ ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്ത കാര്യങ്ങൾ അന്വേഷണ പരിധിൽ ഇപ്പോൾ ഇല്ല.

സർക്കാർ എംബ്ലം പതിപ്പിച്ച വ്യാജ വിസിറ്റിംഗ് കാർഡ് ഉപയോഗിച്ചത് സംബന്ധിച്ചും വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയത് സംബന്ധിച്ചും ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിച്ച് കള്ളക്കടത്തും ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ അടക്കമുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കൊന്നും തന്നെ ഇപ്പോഴത്തെ എൻ ഐ എ അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.