സ്വർണ്ണക്കടത്ത് കേസ് : കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യും ; മന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

Jaihind News Bureau
Saturday, September 12, 2020

 

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യും. ആദ്യം ചോദ്യം ചെയ്തതിലൂടെ  പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയതെന്നും മൊഴികള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ഇ.ഡി വിശദീകരിക്കുന്നു. നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവന്നത് മറയാക്കി സ്വർണ്ണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ ഏജന്‍സികള്‍.

എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. യു.എ.ഇ കോൺസൽ ജനറൽ ആവശ്യപ്പെട്ടിട്ടാണ് സർക്കാ‍ർ വാഹനത്തിൽ മതഗ്രന്ഥങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചതെന്നാണ് കെ.ടി ജലീലിന്‍റെ വിശദീകരണം. അതേസമയം സ്വപ്നാ സുരേഷ് അടക്കമുളള പ്രതികളുമായുളള പരിചയം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണം വിശദമായി പരിശോധിച്ചശേഷമാകും വീണ്ടും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുക.

മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രകടനങ്ങൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യംചെയ്തതിന് പിന്നാലെ ഇന്നലെ രാത്രി വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. രാത്രി സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജില്‍ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട് കെ.എസ്.യു പ്രവർത്തകർ റോഡ് ഉപരോധിച്ചു. ബി.ജെ.പി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്.