സ്വർണ്ണക്കടത്ത്: സമരച്ചൂടില്‍ കേരളം; സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘർഷം| VIDEO

Jaihind Webdesk
Thursday, July 9, 2020

സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സംസ്ഥാനതല പ്രതിഷേധ ധർണ്ണ മലയിന്‍കീഴില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിലേക്ക് നയിച്ചു. പ്രവർത്തകർ മുഖ്യമന്ത്രിയുടെയും  സ്വപ്ന സുരേഷിന്‍റേയും കോലം കത്തിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കേസില്‍ സിബിഐ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കൊല്ലത്ത് യു ഡി എഫ് 132 കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ സമരത്തിന് നേതൃത്വം നൽകി.  തൃശ്ശൂരില്‍ യുഡിഎഫ് നേതാക്കൾ  കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. ടി.എൻ പ്രതാപൻ എംപി ധർണ ഉദ്ഘാടനം ചെയ്തു.  ആലപ്പുഴയില്‍ നടന്ന പ്രതിഷേധത്തിന് ഡിസിസി പ്രസിഡന്‍റ് എം.ലിജു നേതൃത്വം നല്‍കി. മലപ്പുറത്ത് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍റെ വസതിയിലേക്ക് മാർച്ച് നടത്തി.  മാർച്ച്‌ പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി.

കോഴിക്കോട്ട് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സംഘർഷം.  പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സംഘർഷത്തിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്‍റ് ആർ ഷാഹിൻ, വിദ്യ ബാലകൃഷ്ണൻ, സംസ്ഥാന ഉപാധ്യക്ഷന്‍ റിയാസ് മുക്കോളി, കെഎസ്. യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

https://www.facebook.com/JaihindNewsChannel/videos/606881940188082