തിരുവനന്തപുരം : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സിപിഎം പ്രവർത്തകന് അർജുൻ ആയങ്കിയുടെതെന്ന് സംശയിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങളാണ് ശബ്ദരേഖയിലുള്ളത്. കബളിപ്പിച്ചാൽ ജീവിക്കാനനുവദിക്കില്ല. നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല എന്നിങ്ങനെയാണ് ഭീഷണി.
മാഹിയിലേയും പാനൂരിലേയും പാർട്ടിക്കാർ തനിക്ക് പിറകിലുണ്ടെന്നും അർജുന് പറയുന്നു. നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല, നിന്നെ കൊണ്ട് തീറ്റിക്കില്ലെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. രണ്ടു മണിക്കൂർ വിമാനത്താവളത്തിൽ കാത്തു നിന്നിട്ടും പറ്റിച്ചു എന്ന പരാമര്‍ശവും ശബ്ദരേഖയിലുണ്ട്. എന്നാല്‍ ഇത് അർജുനിന്റെ ശബ്ദമാണെന്ന് പൊലീസും കസ്റ്റംസും സ്ഥിരീകരിച്ചില്ല. ആരോടൊക്കെയാണ് സംസാരിച്ചതെന്നും വ്യക്തമല്ല.
അതിനിടെ, കരിപ്പൂർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്ത് രഹസ്യങ്ങള്‍ വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തുവന്നു. സ്വർണ്ണക്കടത്തിന് പദ്ധതിയിടുന്ന ശബ്ദരേഖയാണ് പുറത്തായത്. സംഭാഷണത്തില്‍ നിന്നും അര്ജുന് ആയങ്കിയുടെ പങ്ക് വ്യക്തമാണ്. സ്വര്‍ണം കടത്തേണ്ടരീതിയും കൈമാറേണ്ടതാര്‍ക്കെന്നും ശബ്ദരേഖയില്‍ വിശദീകരിക്കുന്നു. സ്വര്‍ണ്ണക്കടത്തിനായി രൂപീകരിച്ച വാട്സ്ആപ് ഗ്രൂപ്പിലെ സംഭാഷണമാണ് പുറത്തുവന്നത്.
കേസിൽ അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് നല്കി. ഈ മാസം 28ന് ഹാജരാകാനാണ് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. സ്വർണ്ണം കടത്തുന്നതിനിടെ കരിപ്പൂരിൽ പിടിയിലായ മുഹമ്മദ് ഷഫീഖിൽ നിന്നാണ് അർജുൻ ആയങ്കിയുടെ പങ്കിനെ കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചത്.