സിപിഎമ്മുകാരായ സ്വർണ്ണക്കടത്തുകാർക്ക് പാർട്ടി ജില്ലാ സെക്രട്ടറിയെക്കാളും സ്വാധീനം

രാമനാട്ടുകര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ നിറയുന്ന ആകാശ് തില്ലങ്കേരിക്കും അർജുൻ ആയങ്കിക്കും സമൂഹമാധ്യമങ്ങളിൽ വൻ സ്വാധീനം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനേക്കാളും ജില്ലയിൽ നിന്നുള്ള ഏക മന്ത്രി എംവി ഗോവിന്ദൻ മാസ്റ്ററേക്കാളും കൂടുതൽ ഫോളോവേഴ്‌സ് ഉള്ളയാളാണ് ആകാശ് തില്ലങ്കേരി. ചൊവ്വാഴ്ച ഉച്ചവരെ ആകാശിനെ അറുപതിനായിരം പേരാണ് (60,276) ഫേസ്ബുക്കിൽ ഫോളോ ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ ഇരുപത്തിയെട്ടായിരത്തോളം ഫോളോവേഴ്‌സുമുണ്ട്.

സ്വർണക്കടത്തിന്റെ സൂത്രധാരൻ എന്ന് കസ്റ്റംസ് വിശേഷിപ്പിക്കുന്ന അർജുൻ ആയങ്കിയെ ഫേസ്ബുക്കിൽ പിന്തുടരുന്നത് 44,663 പേരാണ്. ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് എട്ടായിരം പേർ. ഈ അക്കൗണ്ട് ഇപ്പോൾ പ്രൈവറ്റാണ്. അതേസമയം, ജില്ലാ സെക്രട്ടറി എംവി ജയരാജനെ പിന്തുടരുന്നത് 46,459 പേർ മാത്രമാണ്. ഡിവൈഎഫ്‌ഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജറിനെ പിന്തുടരുന്നത് വെറും 15,747 പേരും.

ഔദ്യോഗികമായി പാർട്ടിയിലില്ലെങ്കിലും ആകാശ് തില്ലങ്കേരിയുടെയും അർജുൻ ആയങ്കിയുടെയും ഫേസ്ബുക്ക് പേജുകളിൽ നിറയെ സിപിഎമ്മുമായും ഡിവൈഎഫ്‌ഐയുമായും ബന്ധപ്പെട്ട പോസ്റ്റുകളാണ്. ഇടതു പ്രവർത്തകരിൽ ഇരുവർക്കും വലിയ സ്വാധീനമുണ്ട് എന്ന് തെളിയിക്കുന്നതാണ് രണ്ടു പേരുടെയും പോസ്റ്റുകൾക്ക് ലഭിക്കുന്ന സ്വീകാര്യത. തന്റെ പ്രവൃത്തികൾക്ക് പാർട്ടിക്ക് ഉത്തരവാദിത്വമില്ല എന്നു പറഞ്ഞ് ആകാശ് തില്ലങ്കേരിയിട്ടി പോസ്റ്റ് അഞ്ഞൂറിലേറെ പേരാണ് ഷെയർ ചെയ്തിട്ടുള്ളത്. ആയിരത്തി അഞ്ഞൂറിലേറെ പേർ കമന്റ് ചെയ്യുകയും ചെയ്തു. ഇതിൽ ബഹുഭൂരിപക്ഷവും തില്ലങ്കേരിക്ക് അനുകൂലമായ കമന്റുകളാണ്.

Comments (0)
Add Comment